സംസ്ഥാന സ്കൂള്‍ കലോല്‍സവ വേദികളുടെ പേരുകളില്‍ നിന്ന് താമര ഒഴിവാക്കിയത് വിവാദത്തില്‍. ബി.ജെ.പിയുടെ ചിഹ്നമായതിനാല്‍ ഒഴിവാക്കിയതാണെന്നാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ വിശദീകരണം. ദേശീയപുഷ്പമാണ് താമരയെന്ന് യുവമോര്‍ച്ച ഓര്‍മിപ്പിച്ചു.
സൂര്യകാന്തിയും ആമ്പല്‍പൂവും തുടങ്ങി സകല പൂക്കളുടെ പേരുകളും സ്കൂള്‍ കലോല്‍സവ വേദിയ്ക്കിട്ടു. ഇരുപത്തിനാലു പൂക്കളുടെ പേരുകളില്‍ താമരയില്ല. തെച്ചിപ്പൂവിനും പനിനീര്‍പൂവിനും ജമന്തിയ്ക്കും മുല്ലപ്പൂവിനുമൊപ്പം താമരയും വേണ്ടതാണെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
കലോല്‍സവ വോളന്‍ഡിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശൂര്‍ ടൗണ്‍ഹാളിലേക്ക് യുവമോര്‍ച്ചക്കാര്‍ എത്തിയത് കയ്യില്‍ താമരപൂവുമായാണ്. പൊലീസ് ഇവരെ തടഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ടൗണ്‍ഹാളില്‍ എത്തുന്നതിനു തൊട്ടുമുമ്പ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ കൊടിയേറും മുമ്പേ വിവാദം കൊടിക്കയറി. അതും താമരപൂ വിവാദം.