വഞ്ചിപ്പാട്ടിന്‍റെ താളത്തിൽ ഇക്കുറി കലോത്സവ വേദിയിലെ ആവേശമാകാൻ ഒരുങ്ങുകയാണ് ഉരുൾ ദുരന്തത്തെ അതിജീവിച്ച വയനാട് വെള്ളാർമല സ്കൂൾ. ആലപ്പുഴക്കാരൻ ഉണ്ണി മാഷാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്.
നല്ല താളത്തിൽ പാടിയും ചുവട് വച്ചും വഞ്ചിപ്പാട്ടിൽ ഒരുകൈ നോക്കാനുള്ള ഒരുക്കത്തിലാണ് വെള്ളാർമലയിലെ ഈ കുട്ടികൾ. ഇതിൽ എട്ടാം ക്ലാസുകാരി ഹനൂഫിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഉരുൾ ദുരന്തത്തിൽ ഒരു നാടൊന്നാകെ വിറങ്ങലിച്ച് നിന്ന സമയത്ത് ആശ്വാസമായി എത്തിയ മിടുക്കി. രക്ഷാപ്രവർത്തകർക്ക് ചായയും ഭക്ഷണവും നൽകാൻ പിതാവിനൊപ്പം ദുരന്ത ഭൂമിയിൽ ഹനൂഫും ഉണ്ടായിരുന്നു.
ഈ ഓർമകളുടെ കരുത്തിലാണ് ഹൈസ്കൂൾ ടീം കലോത്സവത്തിലേക്ക് കുട്ടനാടൻ വഞ്ചിപ്പാട്ടുമായി എത്തുന്നത്. കഴിഞ്ഞ വർഷം നാടകത്തിന് സ്കൂളിന് എ- ഗ്രേഡ് കിട്ടിയിരുന്നു. ഇക്കുറി മറ്റൊരു പോരാട്ടത്തിന് ഇറങ്ങുമ്പോൾ പരിശീലകനായി മുന്നിലുള്ളത് ഇവരുടെ പ്രിയപ്പെട്ട ഉണ്ണി മാഷ് തന്നെയാണ് എല്ലാ പരാധീനതകളും അതിജീവിച്ച് ഇത്തവണയും വേദിയിൽ മിന്നിച്ച് കയറാം എന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.