ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി ഒരുക്കിയ വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെ ഉണ്ടായ കൂക്കുവിളി മനോവിഷമമുണ്ടാക്കിയെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. ഉദ്ഘാടന ചടങ്ങിൽ സിദ്ദിഖിനെ ഒരു വിഭാഗം കൂക്കിവിളിച്ചിരുന്നു. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി.
അതേസമയം, ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി.
‘കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവം മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവർ ഇടപെട്ടില്ല. ദുരിതബാധിതർ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്’ ടി സിദ്ദിഖ് പറഞ്ഞു.
കല്ലുമാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നും ചടങ്ങിൽ മന്ത്രി കെ രാജൻ പറഞ്ഞിനെതിരയും ടി സിദ്ദിഖ് രംഗത്തെത്തി. കല്ലിട്ട് പോകുന്നവരെന്ന മന്ത്രി കെ രാജന്റെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.