• ചെറിയ തുക തിരുത്തി വലിയ സംഖ്യയാക്കി ലക്ഷങ്ങളാണ് തട്ടിയത്. ഡോക്ടർ എൻ.ഇ. സഫിയ മേധാവിയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകളില്‍ ഭൂരിഭാഗവും നടന്നത്. ജീവനക്കാർക്ക് പുറമെ, സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലാത്ത പലരുടെയും അക്കൗണ്ടുകളിലേക്കും പണം ഒഴുകി

വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട്  280ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എസ്ബിഐ ശാഖയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 

അന്വേഷണത്തിന്‍റെ ഭാഗമായി 280 ഓളം ചെക്കുകൾ സംഘം ശേഖരിച്ചു.  ചെറിയ തുക തിരുത്തി വലിയ സംഖ്യയാക്കി ലക്ഷങ്ങളാണ് തട്ടിയത്. 36,824 രൂപയുടെ മുന്നിലായി '4' എന്ന് എഴുതിച്ചേർത്ത് 4,36,824 രൂപയാക്കി മാറ്റി. 3,250 രൂപയുടെ ചെക്ക് 9 ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറാക്കി. വെറും 180 രൂപയുടെ ചെക്ക് മാറിയത് 31,180 രൂപയ്ക്കാണ്.

ഡോക്ടർ എൻ.ഇ. സഫിയ  മേധാവിയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകളില്‍ ഭൂരിഭാഗവും നടന്നത്.  ജീവനക്കാർക്ക് പുറമെ, സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലാത്ത പലരുടെയും അക്കൗണ്ടുകളിലേക്കും ഈ പണം ഒഴുകിയിട്ടുണ്ട്. മുൻകാല ഓഡിറ്റ് റിപ്പോർട്ടുകളിൽ ഈ സാമ്പത്തിക തട്ടിപ്പുകൾ പരാമർശിച്ചിരുന്നെങ്കിലും കാർഷിക സർവകലാശാലയോ കൃഷി വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിടിച്ചെടുത്ത ചെക്കുകൾ വിശദമായി പരിശോധിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. ഈ പരിശോധന പൂർത്തിയാകുന്നതോടെ തട്ടിപ്പിന്‍റെ യഥാര്‍ഥ വ്യാപ്തി പുറത്തുവരും. 

ENGLISH SUMMARY:

Summary A major financial fraud has been uncovered at the Ambalavayal Krishi Vigyan Kendra in Wayanad, where officials allegedly manipulated over 280 checks to embezzle lakhs of rupees. Investigations by the Vigilance department revealed that check amounts were surreptitiously increased by adding digits—for example, altering 36,824 into 4,36,824. Most of the fraudulent transactions occurred during the tenure of former head Dr. N.E. Safiya, with funds being transferred to the accounts of individuals unaffiliated with the institution. Although previous audit reports flagged these irregularities, authorities failed to take action, prompting the current Vigilance probe to determine the full extent of the misappropriation.