സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോള്‍ 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ പരിഗണിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍. ഇന്ന് പ്രത്യേക സിറ്റിങിലൂടെയാണ് കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള അപേക്ഷ പരിഗണിക്കുക. രണ്ട് കമ്പനികളില്‍ നിന്നായി യൂണിറ്റിന് അഞ്ച് രൂപ 96 പൈസയ്ക്കാണ് വൈദ്യുതി കിട്ടാനുള്ള ടെണ്ടര്‍ കെ.എസ്.ഇ.ബി ഉറപ്പിച്ചത്. റെഗുലേറ്ററി കമ്മിഷന്‍ കരാറിന് അനുമതി നല്‍കിയാല്‍ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമാവും.
അതിനിടെ, കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വീണ്ടും മഴയെത്തി. സംഭരണികളില്‍ വെള്ളം കുറഞ്ഞതും കേന്ദ്ര പൂളില്‍ നിന്ന് അധിക വൈദ്യുതി കിട്ടാത്തതുമാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. മഴയെത്തുമ്പോള്‍ സംഭരണികളിലേക്കുള്ള നീരൊഴുക്ക്, ഉടന്‍ കാര്യമായി കൂടില്ലെങ്കിലും വൈദ്യുതി ഉപയോഗം കുറയും. എ.സികളുടെ ഉള്‍പ്പെടെ ഉപയോഗം പരിമിതമാകും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. നാളെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.