എയ്ഡഡ് സ്‌കൂള്‍ നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ എൻ. എസ്.എസിന് അനുകൂലമായ വിധി മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.  ഹര്‍ജികളില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപേക്ഷ നല്‍കി.  നീക്കം അനുചിതമാണെന്നും നടപടി വൈകിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമമമെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തി.

ഭിന്നശേഷി സംവരണത്തിന് തസ്തികൾ മാറ്റിവെച്ചതോടെ നായര്‍ സര്‍വീസ് സൊസൈറ്റി സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍‌ സുപ്രീം കോടതി വിധിച്ചിരുന്നു.  ഈ വിധി മറ്റു മാനേജുമെന്‍റുകള്‍ക്കും ബാധകമാക്കണമെന്ന് മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്നത്. ക്രൈസ്തവ മാനേജുമെന്‍റുകളുടെ ആവശ്യവും തിരഞ്ഞെടുപ്പ് അടുത്തസാഹചര്യവും കണക്കിലെടുത്താണ് നീക്കം.  

വിധി മറ്റുള്ളവര്‍ക്കും ബാധകമാക്കുന്നതാണ് നീതിയുക്തമെന്നും ഹര്‍ജികളില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ അപേക്ഷയില്‍ ഉന്നയിച്ചു.  ആവശ്യം കോടതി അംഗീകരിച്ചാൽ ക്രൈസ്തവ മാനേജ്‌മെന്റുകൾക്കാണ് കുടുതല്‍ ഗുണമാകുക. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തില്‍ തൃപ്തിയില്ലെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ സമിതി സെക്രട്ടറി ഫാ ആന്‍റണി അറയ്ക്കൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

നിലവിൽ 6,230 ജീവനക്കാര്‍ താൽക്കാലിക അടിസ്ഥാനത്തിലും 17,729 പേരെ ദിവസ വേതന അടിസ്ഥാനത്തിലുമാണ് ജോലിചെയ്യുന്നത്.  ഭിന്നശേഷി നിയമനം പൂര്‍ണമാകാത്തതിനാല്‍ ഇവരെ സ്ഥിരപ്പെടുത്താനാകുന്നില്ല.   1538 മാനേജ്‌മെന്റുകൾ 1542 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.  

ENGLISH SUMMARY:

Aided school appointment disability reservation is the focus of the Kerala government's appeal to the Supreme Court. The government seeks to extend the NSS-favorable verdict to other managements, particularly Christian institutions, ahead of elections.