കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.സി ശോഭിതയോട് വിശദീകരണം തേടി പാര്‍ട്ടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. പാറോപ്പടി ഡിവിഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസിന്‍റെ തോല്‍വിയില്‍ തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നുവെന്നായിരുന്നു ശോഭിതയുടെ വിമര്‍ശനം.
കോഴിക്കോട് കോര്‍പ്പറേഷന്‍ പാറോപ്പടി ഡിവിഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസിന്‍റെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്‍സിലര്‍ കെ.സി.ശോഭിത നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അന്വേഷണത്തിന്‍റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നും, പരാജയത്തില്‍ ഭര്‍ത്താവിനെ പഴിചാരുന്നുവെന്നും, വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ശോഭിത ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ശോഭിതയോട് വിശദീകരണം തേടിയെന്നും തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ഡിസിസി പ്രസിഡന്‍റ് പ്രതികരിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത് പി എം നിയാസിനെയാണ്. പ്രചാരണത്തിന് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ. നിസാറിന് തുടര്‍ച്ചയായ വീഴ്ച്ചകള്‍ ഉണ്ടായെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നുമാണ് തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ മലാപ്പറമ്പ് കൗണ്‍സിലറുമായ കെ.സി. ശോഭിതയുടെ ഭര്‍ത്താവാണ് നിസാര്‍. പാറോപ്പടി മുന്‍ കൗണ്‍സിലറായ ശോഭിത പുതിയ വോട്ടുകള്‍ ചേര്‍ക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.