പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ശാരീരിക അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് സ്കൂളിലെ 24 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടികളെ ഉടൻ തന്നെ പൂഞ്ഞാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് നൽകിയ മോര് കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ഛർദി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മോരിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടായിരുന്നോ എന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. ഇതിനായുള്ള സാംപിളുകൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം വിദ്യാലയത്തിൽ വിതരണം ചെയ്ത വിരഗുളിക കഴിച്ചതാണോ അസ്വസ്ഥതയ്ക്ക് കാരണമെന്നും അധികൃതർ സംശയിക്കുന്നുണ്ട്.