രാഹുല്‍ മാങ്കൂട്ടത്തില്‍ കാണിച്ചത് വല്ലാത്ത ക്രൂരതയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ. രാഹുൽ ചെയ്ത തെറ്റ് നേരത്തെ മനസിലാക്കിയിട്ടും പാര്‍ട്ടി പൂഴ്ത്തിവെച്ചു. നേരത്തെ തന്നെ കെപിസിസിക്ക് പരാതി ലഭിച്ചിരുന്നുവെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ.കെ. ശൈലജ ആരോപിച്ചു.
'ഇരകളായിട്ടുള്ള പെൺകുട്ടികൾ പറയുന്നത് മാധ്യമങ്ങളിലൂടെ നമ്മൾ കേട്ടതാണ്. എന്നിട്ട് കുടുംബത്തിലെ പ്രശ്നം തീർക്കാനാണ് പെൺകുട്ടിയുമായി ബന്ധപ്പെട്ടതെന്ന് നുണ പറഞ്ഞു. ഭർത്താവുമായി ചെറിയ പിണക്കത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ മുതലെടുത്തു. കുഞ്ഞ് ഉണ്ടായാലേ അമ്മ സമ്മതിക്കൂ എന്ന് വാഗ്ദാനം ചെയ്തു. എന്നിട്ട് കുഞ്ഞ് വയറ്റിലുണ്ടായപ്പോൾ പ്രാകൃതമായ മാർഗത്തിലൂടെ അബോർഷൻ ചെയ്യാൻ പ്രേരിപ്പിച്ചു. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്' ശൈലജ ചോദിച്ചു.
ഒരാൾ മാത്രമല്ല പല പെൺകുട്ടികൾ രാഹുലിന്റെ ഇരകളായി മാറി, ഒരുതരം പെർവേഷനാണ് രാഹുൽ കാണിച്ചതെന്നും ശൈലജ പറഞ്ഞു. ഈ തെറ്റുകൾ എല്ലാം നേരത്തെ കോൺഗ്രസ് മനസിലാക്കിയതാണ്. നേരത്തെ കെപിസിസിക്ക് കൊടുത്ത പരാതി അവർ പൂഴ്ത്തിവെച്ചു. ഈ കാര്യങ്ങളൊക്കെ പുറത്തുവന്നപ്പോഴയാണ് രാഹുലിനെ പുറത്താക്കി കോൺഗ്രസ് രക്ഷപെടാൻ ശ്രമിച്ചത്. അത് കോൺഗ്രസിന്റെ വിശ്യാസ്യത തകർത്തുവെന്നും മുൻമന്ത്രി പ്രതികരിച്ചു.