sabarimala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍. മോഷ്ടിച്ച സ്വര്‍ണം ആരെടുത്തൂവെന്നതിലും രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൊള്ളയില്‍ പങ്കുണ്ടോയെന്നതിലും എസ്.ഐ.ടി വ്യക്തത വരുത്തിയേക്കും. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ പങ്കിനേക്കുറിച്ച് എസ്.ഐ.ടി കോടതിയില്‍ നിലപാട് അറിയിക്കുമോയെന്നതിലും ആകാംക്ഷ. അതിനിടെ ചോദ്യം ചെയ്യലിന് ശേഷം സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന് പോയ കടകംപള്ളി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

കോളിളക്കം സൃഷ്ടിച്ച് തുടരുന്ന സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി കേസെടുത്തിട്ട് ഇന്ന് 86 ാം ദിവസമാണ്. ഹൈക്കോടതി രണ്ടാം തവണ നീട്ടി നല്‍കിയ സമയപരിധിയും 15 ാം തീയതിയോടെ കഴിയും. അതുകൊണ്ട് തന്നെ ഇതുവരെയുള്ള അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തലുകളടങ്ങിയ ഇടക്കാല റിപ്പോര്‍ട്ടാവും ഇന്ന് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് കൈമാറുക. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുതല്‍ ദേവസ്വം പ്രസിഡന്‍റായിരുന്ന എ.പത്മകുമാറടക്കം 9 പേര്‍ അറസ്റ്റിലായെങ്കിലും പല നിര്‍ണായക ചോദ്യങ്ങള്‍ക്കും ഇപ്പോഴും കൃത്യമായ ഉത്തരമില്ല. 

ശബരിമലയില്‍ നിന്ന് എത്ര മാത്രം സ്വര്‍ണം അടിച്ചുമാറ്റി? അടിച്ചുമാറ്റിയ സ്വര്‍ണം മുഴുവന്‍ എങ്ങോട്ട് പോയി? അതില്‍ എത്ര സ്വര്‍ണം കണ്ടെടുക്കാനായി?  സ്വര്‍ണം വിറ്റതായി കരുതുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും വാങ്ങിയതായി കണ്ടെത്തിയിട്ടുള്ള ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരെയും ഒരുമിച്ചിരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തിന്‍റെയും തൊണ്ടിമുതലിന്‍റെയും കാര്യത്തില്‍ ഈ ചോദ്യം ചെയ്യലിലൂടെയെങ്കിലും ഉത്തരം കണ്ടെത്താന്‍ എസ്.ഐ.ടിക്കായിട്ടുണ്ടോയെന്ന് ഇന്നത്തെ റിപ്പോര്‍ട്ടിലൂടെ മനസിലാകും.  

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവര്‍ക്ക് പങ്കുണ്ടോയെന്ന് ഇന്ന് എസ്.ഐ.ടി കോടതിയെ അറിയിക്കുമോയെന്നതും നിര്‍ണായകമാണ്. ഉന്നതരിലേക്ക് അന്വേഷണം പോകാത്തതില്‍ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിമര്‍ശനത്തിന് മറുപടി പറയുമോയെന്നതിലും ആകാംക്ഷയുണ്ട്. അതിനിടെ രാജ്യാന്തര പുരാവസ്തു സംഘത്തിന് ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ഡിണ്ടിഗലുകാരന്‍ ഡി മണിയേയും കൂട്ടരേയും ചോദ്യം ചെയ്തതില്‍ നിന്ന് പ്രധാനപ്പെട്ട തെളിവ് വല്ലതും ലഭിച്ചോയെന്നും ഇന്ന് കോടതിയെ അറിയിച്ചേക്കും. കോടതി നിലപാട് അനുസരിച്ചിരിക്കും ആദ്യഘട്ട കുറ്റപത്രം തയാറാക്കലിലേക്ക് കടക്കണോ വീണ്ടും സമയം നീട്ടി ചോദിച്ച് അന്വേഷണം തുടരണോയെന്ന് എസ്.ഐ.ടി തീരുമാനിക്കുക.

ENGLISH SUMMARY:

Sabarimala Gold Theft is under investigation, with a crucial interim report submitted to the High Court today. The report details the SIT's findings on stolen gold, potential involvement of international smuggling rings, and the alleged role of high-profile individuals, including Kadakampally Surendran.