മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന സി.വി.ആനന്ദബോസിന്‍റെ ആരോപണം തള്ളി എന്‍എസ്എസ്. അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് എന്‍എസ് എസ് നേതൃത്വം. ആനന്ദബോസിന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേക സമയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. അല്ലാത്ത സമയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ അനുവാദം വേണം. എന്നോട് അദ്ദേഹം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു സംഭവമില്ല. ഞങ്ങള്‍ രണ്ടുപേരും നല്ല ടേംസിലുള്ള ആളുകളാണ്. ആനന്ദബോസ് ഡല്‍ഹിയില്‍ ഇങ്ങനെ പറഞ്ഞതെന്തിനെന്ന് അറിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ്, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരെടുത്ത് പറയാതെയുള്ളത് വിമര്‍ശനം.
എല്ലാ നായര്‍ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്‍ക്ക് മാത്രമാണോ കുത്തകാവകാശം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ആനന്ദബോസ് പറഞ്ഞു. ഡല്‍ഹിയില്‍ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനന്ദബോസ്.