പറവൂർ മണ്ഡലത്തിലെ പുനർജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് ഇടപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് സർക്കാർ നീക്കം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ആയുധമെന്ന നിലയിൽ ഒരു വർഷം പഴക്കമുള്ള വിജിലൻസ് റിപ്പോർട്ട് പൊടിതട്ടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം. 2018-ലെ പ്രളയത്തിന് പിന്നാലെ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിക്കായി വിദേശത്തുനിന്ന് അനധികൃതമായി പണം പിരിച്ചുവെന്ന ആക്ഷേപമാണ് കേസിനാധാരം.
പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നുവെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തക്കവണ്ണമുള്ള തെളിവുകളൊന്നും അന്ന് ലഭിച്ചിരുന്നില്ല. എന്നാൽ, വിദേശ വിനിമയ ചട്ടങ്ങളുടെ (FCRA) ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിജിലൻസിന് അന്വേഷണ പരിധിയുണ്ടാകില്ല. ഈ സാഹചര്യത്തിൽ, വിദേശത്തടക്കം അന്വേഷണത്തിന് അധികാരമുള്ള സിബിഐ കേസ് ഏറ്റെടുക്കണമെന്ന് 11 മാസം മുമ്പ് അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ശുപാർശ നൽകിയിരുന്നു. എംഎൽഎ എന്ന നിലയിൽ വിദേശ യാത്രയ്ക്ക് സ്പീക്കറുടെ മുൻകൂർ അനുമതി തേടിയില്ല എന്ന കണ്ടെത്തലും സിബിഐ അന്വേഷണത്തിനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം ഒരു വർഷമായി നടപടിയൊന്നുമില്ലാതെ ഇരുന്ന ഈ ശുപാർശയിലാണ് ഇപ്പോൾ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്. സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉയരുകയും തിരഞ്ഞെടുപ്പ് അരികിലെത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് ഈ 'കുരുക്ക്' എന്നാണ് വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് സർക്കാർ രഹസ്യമായി നിയമോപദേശം തേടിയിട്ടുണ്ടെന്നും ഉടൻ തന്നെ സിബിഐക്ക് ശുപാർശ നൽകിയേക്കുമെന്നും സൂചനയുണ്ട്.