തൊണ്ടിമുതൽ തിരിമറി കേസിൽ തടവിന് ശിക്ഷിച്ച ആന്റണി രാജു എം.എൽ.എ ഇന്ന് രാജി വെച്ചേക്കും. അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങും മുമ്പ് രാജിവെച്ച് ഒഴിയാനാണ് തീരുമാനം. ആന്റണി രാജുവിനും സർക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്. മൂന്നുവർഷം തടവിന് ശിക്ഷിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വത്തിന് അയോഗ്യത വന്നിരുന്നു.
കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. ഇതിനുമുമ്പ് സ്വയം രാജിവെക്കാനാണ് തീരുമാനം. ഇന്ന് രാവിലെ സ്പീക്കറെ നേരിൽകണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയിൽ ആയി അയച്ചു നൽകുകയോ ചെയ്തേക്കും. മേൽക്കോടതികളിൽ അപ്പീൽ നൽകിയാലും അനുകൂല തീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാലാണ് രാജിവെക്കുന്നത്. രാഷ്ട്രീയ ആക്ഷേപങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ രാജി കൊണ്ടാകുമെന്നും ആന്റണി രാജുവും ഇടതുമുന്നണിയും കരുതുന്നു.