മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയും വിമര്‍ശനവും. മുട്ടില്‍ മരംമുറി വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതോടെയാണ് കോടതി റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴ ചുമത്തിയത്. വാദിഭാഗത്തിന് സത്യസന്ധയില്ലെന്ന് വിമര്‍ശിച്ച കോടതി മരംമുറി വാര്‍ത്തയുടെ എല്ലാ ലിങ്കുകളും പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ് എന്നിവയില്‍ മുഖ്യ പ്രതികളായിട്ടുള്ള റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനും സഹോദരങ്ങൾക്കും എതിരെയുള്ള വാർത്തകൾ നൽകുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 2025 ഒക്ടോബർ 25 ന് റിപ്പോർട്ടർ ടിവി ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയില്‍ നിന്നും ഇടക്കാല ഉത്തരവ് നേടിയിരുന്നു. മനോരമ ന്യൂസ് അടക്കമുള്ള കേരളത്തിലെ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകൾ നൽകുന്നത് വിലക്കുകയും ഇതുവരെ നൽകിയ വാർത്തകളുടെ ലിങ്കുകൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇടക്കാല വിധിയിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച കേസ് വീണ്ടും പരിഗണിച്ച സമയത്ത് ഹർജി പിന്‍വലിക്കുകയാണെന്ന് റിപ്പോർട്ടർ ടിവി കോടതിയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് ഹർജിക്കാർക്ക് സത്യസന്ധത ഇല്ലെന്നും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്നും കാട്ടി കോടതി അതിരൂക്ഷമായ വിമര്‍ശനം നടത്തിയത്. കൂടാതെ 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതേസമയം, ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നിർദ്ദേശം നൽകുകയും ചെയ്തു. നേരത്തെ, റിപ്പോർട്ട് ടിവിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിട്ട കോടതി മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ഇതുവരെ സംപ്രേഷണം ചെയ്ത വാർത്തകളെല്ലാം പിൻവലിക്കണമെന്ന് നിർദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ മനോരമ ന്യൂസ് കർണാടക ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. അതിന് തൊട്ടു പിറകെയാണ് കോടതി വീണ്ടും ഈ കേസ് പരിഗണിക്കുകയും റിപ്പോർട്ട് ടിവി സ്വയം കേസില്‍ നിന്നും പിന്മാറുകയാണെന്നും കോടതിയെ അറിയിച്ചത്.