കര്‍ണാടക പുത്തൂരില്‍ മുതിര്‍ന്ന ബിജെപി നേതാവിന്‍റെ മകന്‍ സഹപാഠിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് നേതാവിന്‍റെ മകന്‍റേതാണെന്ന് തെളിഞ്ഞെങ്കിലും ഏറ്റെടുക്കാന്‍ യുവാവ് വിസമ്മതിച്ചതോടെ പാര്‍ട്ടി നേതൃത്വവും വെട്ടിലായി. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ ഖട്ടീല്‍ എന്നിവരുള്‍പ്പെടെ നടത്തിയ മധ്യസ്ഥശ്രമവും പരാജയപെട്ടു. തുടര്‍ന്ന് യുവതി പിഞ്ചുകുഞ്ഞുമായി പുത്തൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി നേതാവിനും മകനുമെതിരെ ആരോപണങ്ങളുയര്‍ത്തുകയും ചെയ്തു.

കോളിളക്കം സൃഷ്ടിച്ച കേസ്

ജൂണ്‍ മാസമാണ് ഇരുപതുകാരിയായ ഡിഗ്രി വിദ്യാര്‍ഥിനി പരാതിയുമായി പുത്തൂര്‍ വനിതാ പൊലീസിനെ സമീപിച്ചത്. പുത്തൂര്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ബിജെപി നേതാവ് ജഗന്നിവാസ് റാവുവിന്റെ മകന്‍ കൃഷ്ണ ജെ.റാവു പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നായിരുന്നു പരാതി.

കര്‍ണാടകയില്‍ ബിജെപിയുടെ പവര്‍ ഹൗസ് ആയി അറിയപ്പെടുന്ന സ്ഥലമാണ് പുത്തൂര്‍. സംഘപരിവാറിന് നല്ല വേരോട്ടമുള്ള മേഖല. ഇവിടെയാണ് പാര്‍ട്ടിയുടെ മുഖമായ നേതാവിന്‍റെ മകനെതിരെ ലൈംഗികപീഡന പരാതി വന്നത്. ജൂണ്‍ 24ന് ലഭിച്ച പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

സ്കൂള്‍ പഠനം മുതല്‍ അതിജീവിതയും കൃഷ്ണ ജെ. റാവുവും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. 2024  ഒക്ടോബര്‍ 11ന് കൃഷ്ണ പെണ്‍കുട്ടിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ശാരീരികമായി ബന്ധപെട്ടു. പിന്നീട് ജനുവരിയിലും ഇതാവര്‍ത്തിച്ചു. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു എല്ലാം. ഗര്‍ഭിണിയാണന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ കൃഷ്ണ ജെ. റാവുവിന്റെ വീട്ടിലെത്തി സംസാരിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. കൃഷ്ണയ്ക്ക് 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താമെന്ന് ജഗന്നിവാസ് റാവു ഉറപ്പുനല്‍കി. 

ജൂണ്‍ 28ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്‍മം നല്‍കി. കൃഷ്ണയ്ക്ക് 21 വയസ് തികഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹക്കാര്യം സംസാരിച്ചെങ്കിലും സ്വീകരിക്കാനാവില്ലെന്നായിരുന്നു ജഗന്നിവാസ് റാവുവിന്‍റെ നിലപാട്. തുടര്‍ന്ന് പാര്‍ട്ടി വഴി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതോടെ പൊലീസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുണ്ടായത്. അറസ്റ്റ് നീട്ടിക്കൊണ്ടുപോയി. ഇതിനിടെ കൃഷ്ണ ഒളിവില്‍പോയതോടെ കടുത്ത പ്രതിഷേധമുയര്‍ന്നു. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, വനിതാ സംഘടനകള്‍ തുടങ്ങിയവര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം തുടങ്ങി. ദിവസങ്ങള്‍ക്കുശേഷം കൃഷ്ണയെ അറസ്റ്റ് ചെയ്തു. ഒളിവില്‍പോകാനും തെളിവുകള്‍ നശിപ്പിക്കാനും സഹായം ചെയ്ത ജഗന്നിവാസ് റാവും അറസ്റ്റിലായി.

പരിവാറിനുള്ളിലും എതിര്‍പ്പ്

അറസ്റ്റിലായ കൃഷ്ണ കുറ്റം നിഷേധിച്ചു. കുഞ്ഞ് തന്‍റേതല്ലെന്നായിരുന്നു നിലപാട്. തുടര്‍ന്നാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവിടുന്നത്. അമ്മ, കുഞ്ഞ്, കൃഷ്ണ എന്നിവരുടെ രക്ത സാംപികളുകള്‍ ബെംഗളുരുവിലെ ലാബിലേക്കയച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ അച്ഛന്‍ കൃഷ്ണ തന്നെയെന്ന് സ്ഥിരീകരിച്ചു. 

ജഗന്നിവാസ് റാവും മകനും വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതോടെ പെണ്‍കുട്ടി ഉള്‍പ്പെട്ട സമുദായത്തിന്‍റെ സംഘടന – വിശ്വകര്‍മ്മ മഹാസഭ – പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. മകള്‍ക്ക് നീതിതേടി പെണ്‍കുട്ടിയുടെ അമ്മ പുത്തൂരില്‍ പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.പി.നഞ്ചുണ്ടി, നളിന്‍ കുമാര്‍ ഖട്ടീല്‍, കല്ലട്ക്ക പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ജഗന്നിവാസ് റാവും മകനും വിവാഹത്തിന് തയ്യാറായില്ല.

‘നിയമത്തിന്‍റെ വഴി’

കേസും അറസ്റ്റും നിയമ നടപടികളും തുടരുമ്പോഴാണ് സംഘപരിവാര്‍ നേരിട്ട് ഇടപെട്ട് മധ്യസ്ഥ ശ്രമം നടത്തിയ്. വിവാദം വലിയ നാണക്കേടുണ്ടാക്കിയതോടെ ജഗന്നിവാസ് റാവുവിനെ ബിജെപി പുറത്താക്കി. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പെണ്‍കുട്ടിക്കും കുടുംബത്തിനും മുന്നില്‍ നിയമവഴി മാത്രമായി ആശ്രയം. ‘എനിക്ക് ഭര്‍ത്താവിനെയും കുഞ്ഞിന് അച്ഛനെയും വേണം. ഇപ്പോഴും വിവാഹത്തിനു സമ്മതമാണ്. പക്ഷേ അവര്‍ അംഗീകരിക്കുന്നില്ല. ഇനിയെല്ലാം കോടതി പറയുന്നതുപോലെ’ – അതിജീവിത പറയുന്നു.

ENGLISH SUMMARY:

A DNA test has confirmed that Krishna J. Rao, son of expelled BJP leader Jagannivasa Rao, is the father of a 20-year-old student's child in Puttur. Despite RSS and BJP mediation, the family refuses to accept the woman, leading to a legal battle.