TOPICS COVERED

വാടകവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ 23കാരനായ ടെക്കിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു.  കുണ്ടളഹള്ളിയില്‍ ഇന്നലെ വൈകുന്നേരം 6.15നാണ് സംഭവം. 43മുറികളുള്ള ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. 

സെവന്‍ഹില്‍സ് സായി കോ ലിവിങ് അപ്പാര്‍്ട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ പരിശോധിക്കാനെത്തിയതായിരുന്നു അരവിന്ദും മറ്റു രണ്ടുപേരും. അപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാകുന്നത്. രണ്ട് സ്വകാര്യകമ്പനിയിലെ ജീവനക്കാര്‍ക്കും അടുക്കളയിലെ സഹായിയ്ക്കുമാണ് സ്ഫോടനത്തില്‍ പരുക്കേറ്റതെന്ന് വൈറ്റ് ഫീല്‍ഡ് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ. പരശുരാമ പറഞ്ഞു. 

സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പാഞ്ഞെത്തി. സ്ഫോടനത്തിനു പിന്നിലെ കാരണം കണ്ടെത്താനായി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക ബെല്ലാരി സ്വദേശിയാണ് മരിച്ച അരവിന്ദ്. പരുക്കേറ്റവരെ ബ്രൂക്ക് ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ വിഷ്ണുവിന്റെ പേരിലുള്ളതാണ് കെട്ടിടം. 

ENGLISH SUMMARY:

Bangalore explosion: A 23-year-old techie died in Bangalore following a gas cylinder explosion in a rented house. Three others were injured in the incident that occurred in Kundalahalli.