ശബരിമല സ്വര്‍ണക്കൊള്ളയാണ് എസ്ഐടി അന്വേഷിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഫോട്ടോ എടുത്തവരെക്കുറിച്ചല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പല ക്രിമിനലുകളും കുഴപ്പക്കാരും പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. നാളെ അവര്‍ കേസില്‍ പ്രതിയായാല്‍ ഫോട്ടോയില്‍ ഒപ്പമുള്ളരെയും പ്രതിചേര്‍ക്കുമോ എന്നും സതീശന്‍ ചോദിച്ചു. സിപിഎം സ്വര്‍ണക്കൊള്ളയില്‍പ്പെട്ടു. സിപിഎം നേതാക്കന്മാർ ജയിലിലേക്കുള്ള ക്യൂവിലാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാര്‍ അനാവശ്യമായ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ എസ്ഐടിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. അവർ രണ്ടുപേരും സിപിഎം ബന്ധമുള്ള ആളുകളാണ്. സിപിഎം ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി എസ്ഐടിയിൽ കടന്നുകയറി അന്വേഷണരഹസ്യങ്ങൾ പാര്‍ട്ടിക്ക് ചോർത്തി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ശബരിമലയിൽ കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തിൽ യുഡിഎഫിന് വിശ്വാസമുണ്ട്. പക്ഷേ മനപ്പൂർവ്വമായി ഗവൺമെന്‍റ് സിപിഎം നേതാക്കളെ രക്ഷിക്കുന്നതിനു വേണ്ടി ഉള്ള ശ്രമമാണ് നടത്തുന്നത്. എസ്ഐടി അന്വേഷിക്കുന്നത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നതല്ല. ശബരിമലയിലെ സ്വർണ്ണം കവർച്ച ചെയ്തത് ആര്, അത് എവിടെ കൊണ്ടുപോയി വിറ്റു, ദ്വാരപാലക ശില്പം ഏതുകോടീശ്വരന്‍ വാങ്ങി എന്നതെല്ലാമാണ്.
കേസില്‍ ബാക്കിയുള്ളവരെ കൂടി ബന്ധപ്പെടുത്താന്‍ മുഖ്യമന്ത്രി വൃഥാ ശ്രമിക്കുകയാണ്. അയ്യപ്പന്‍റെ സ്വർണ്ണം കവർന്നതിന് ജയിലിൽ കിടക്കുന്ന ആളുകൾക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. നടപടി സ്വീകരിക്കാത്തത് അവർ കൂടുതൽ ആളുകളുടെ പേരുകൾ വെളിപ്പെടുത്തും എന്നുള്ള ഭയം കൊണ്ടാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.