സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ പ്രതിവര്‍ഷം 3500 പേരുടെ ജീവന്‍ പൊലിയുമ്പോഴും ഹെല്‍മറ്റ് ധരിക്കാനും സീറ്റ് ബെല്‍റ്റ് ഇടാനും മലയാളിക്ക് മനസില്ല. എ,ഐ ക്യാമറകളില്‍ ഏറ്റവും കൂടുതല്‍ തെളിയുന്ന നിയമലംഘനം ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രയാണെന്ന് മനോരമന്യൂസിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തമായി. 2024നെ അപേക്ഷിച്ച് റോഡ് അപകടങ്ങള്‍ കുറഞ്ഞെങ്കിലും 2025ലും മരണസംഖ്യ മൂവായിരം കടന്നത് ആശങ്കയായി.
അപകടങ്ങളുടെയും മരണങ്ങളുടെയും കണക്കുകള്‍ എന്നും ആശങ്കപ്പെടുത്തുന്നതാണ്. ഒരു നിമിഷത്തെ അശ്രദ്ധയില്‍ പൊലിഞ്ഞുപോകുന്നവര്‍. എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞെന്നും അതുവഴി അപകടങ്ങളുടെ നിരക്ക് ചെചെറിയതോതില്‍ താഴേക്ക് വന്നെന്നുമുള്ള വാദം ശരിയാണ്. അപ്പോഴും ഓര്‍ക്കണം, 2025ല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, റോഡ് അപകടങ്ങളില്‍ കേരളത്തില്‍ പൊലിഞ്ഞത് മൂവായിരത്തി അന്‍പത് പേരുടെ ജീവനാണ്, ഡിസംബര്‍ വരെയുള്ള കണക്കുകള്‍ വരുമ്പോള്‍ സംഖ്യ ഇനിയും കൂടും.
2024ല്‍ 3,880 ഉം 2023ല്‍ 3,774 ഉം പേരാണ് അപകടങ്ങളില്‍ മരിച്ചത്. എന്നാല്‍, ഇതിനെക്കാള്‍ ആശങ്കപ്പെടുത്തുന്നത് എ,ഐ ക്യാമറകളില്‍ പതിഞ്ഞ നിയമലംഘനങ്ങളുടെ കണക്കുളാണ്. ഇത്രയൊക്കെ അപകടങ്ങള്‍ നമ്മുടെ മുന്‍പില്‍ നടന്നിട്ടും 66 ലക്ഷം ഹെല്‍മറ്റ് ഇല്ലായാത്രകളുടെ നിയമലംഘനങ്ങളാണ് എഐ ക്യാമറയില്‍ ആദ്യ രണ്ടുവര്‍ഷം കൊണ്ട് പതിഞ്ഞതെന്ന് മനോരമന്യൂസിന് ലഭിച്ച വിവരാവകാശ രേഖ പറയുന്നു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്ര 51 ലക്ഷം തവണ ക്യാമറയില്‍ പതിഞ്ഞു. ഏറ്റവും അടിസ്ഥാനപരമായി ഉറപ്പാക്കേണ്ട ഈ രണ്ട് സുരക്ഷാ സംവിധാനങ്ങളെ മലയാളി എത്ര ഉദാസീനമായി മറക്കുന്നുവെന്ന് വ്യക്തമാകുന്നതാണ് ഈ കണക്കുകള്‍