എ.ഐ നിര്‍മ്മിത ചിത്രം
അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുതന സ്വദേശി മണിക്കുട്ടനാണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുബീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി എട്ടരയോടെ തകഴി സംസ്ഥാന പാതയിലെ പടഹാരം ലൂര്‍ദ് മാതാ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുവെച്ചായിരുന്നു അപകടം. എതിരെ വന്ന ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിയുകയായിരുന്നു. സ്കൂട്ടർ പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടത്തിൽ മണിക്കുട്ടന്റെ നെഞ്ചിലും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മണിക്കുട്ടനൊപ്പം സഞ്ചരിച്ചിരുന്ന സുബീഷിന്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.