Image: Manorama
നാവായിക്കുളം കുടവൂര്‍ മുസ്‌ലിം ജമാഅത്ത് പള്ളിയിലെ ആംബുലന്‍സ് മോഷണം പോയ സംഭവത്തില്‍ ഉള്‍പ്പെട്ട 13, 14വയസ് പ്രായക്കാരായ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് കോഴിക്കോട്ട് കണ്ടെത്തി. കുടവൂര്‍ കണ്ണനല്ലൂര്‍ സ്വദേശികളാണ് ഇരുവരും.
കല്ലമ്പലം പൊലീസ് ഇവരെ നാവായിക്കുളത്ത് എത്തിക്കും. ശനിയാഴ്ച രാത്രി 10.30നാണ് പള്ളിയില്‍ നിന്നും ആംബുലന്‍സ് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മദ്രസയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും സുഹൃത്തും ചേര്‍ന്ന് ആംബുലന്‍സ് ഓടിച്ചു പോകുന്നത് കണ്ടത്. ഇവരെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികള്‍ കോഴിക്കോട്ട് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനു സമീപം ആംബുലന്‍സ് പാര്‍ക്ക് ചെയ്ത ശേഷം ഇവര്‍ ട്രെയിനില്‍ കോഴിക്കോട്ടേക്കു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹന മോഷണമല്ല ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഡ്രൈവിങ് അറിയാവുള്ളൂ.