കൊല്ലം കോര്‍പറേഷനിലെ കണ്‍സള്‍ട്ടന്‍സിയെ വെച്ചുള്ള നിര്‍മാണങ്ങളിലെ അഴിമതി അന്വേഷിക്കുമെന്നു മേയര്‍ എ.കെ.ഹഫീസ്. ഫയല്‍ പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ വിജിലന്‍സിനു കൈമാറും. മലയാള മനോരമ സംഘടിപ്പിച്ച മേയറോടു ചോദിക്കാം പരിപാടിയിലായിരുന്നു എ.കെ.ഹഫീസിന്‍റെ പ്രതികരണം.
രണ്ടു പതിറ്റാണ്ടായി കോര്‍പറേഷന്‍ ഭരിക്കുന്ന എല്‍.ഡി.എഫിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുറ്റവിചാരണ യാത്രയും സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഓരോന്നിലുമായി അന്വേഷണം നടത്താനാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനമെന്നു മേയര്‍.
തിരുവനന്തപുരത്തേതിനു സമാനമായി കൊല്ലത്തും നിരവധി കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും സമഗ്ര പരിശോധനയ്ക്കാണ് നിര്‍ദേശം. നഗരത്തിലെ നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിക്കാനുള്ള തീരുമാനവും ഉടനുണ്ടാകുമെന്നു ചോദ്യത്തിനു മറുപടിയായി എ.കെ.ഹഫീസ് പറഞ്ഞു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ ബി.അജയകുമാര്‍, സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ പങ്കെടുത്തു