കൊച്ചി മേയര്‍ പദവി തനിക്ക് ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടതായി വി.കെ മിനിമോളുടെ വെളിപ്പെടുത്തല്‍. മേയറെ കോണ്‍ഗ്രസ് തീരുമാനിച്ചത് സഭയുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന ആക്ഷേപം ശരിവയ്ക്കുന്നതും സാമുദായിക ഇടപെടല്‍ ഇല്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ അവകാശവാദം തള്ളുന്നതുമാണ് മിനിമോളുടെ പ്രസ്താവന. മിനിമോള്‍ക്ക് സഭ പിന്തുണനല്‍കിയത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രതികരിച്ചു.
കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ 46മത് ജനറല്‍ അസംബ്ലിയില്‍ കൊച്ചിയില്‍ സംസാരിക്കവെയാണ് വി.കെ മിനിമോള്‍ തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെടല്‍ നടത്തിയതിനെക്കുറിച്ച് പറഞ്ഞത്. സഭയിലെ ഒരാള്‍ വളര്‍ന്നു വരാന്‍ സഹായിച്ചിട്ടുണ്ടാകാമെന്നും അതില്‍ തെറ്റില്ലെന്നുമായിരുന്നു കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലയ്ക്കലിന്‍റെ പ്രതികരണം.
കൊച്ചി മേയര്‍ക്കായുള്ള ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ ലത്തീന്‍ സഭ അവകാശവാദം ഉന്നയിച്ചിരുന്നു. ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കി വി.കെ മിനിമോള്‍ക്കും ഷൈനി മാത്യുവിനും മേയര്‍ പദവി പങ്കിട്ടുനല്‍കാന്‍ തീരുമാനിച്ചത് സഭയുടെ സമ്മര്‍ദത്തിന് കൂടി വഴങ്ങിയാണെന്ന വിമര്‍ശനം കോണ്‍ഗ്രസിനകത്തും ശക്തമായിരുന്നു. മേയറെ തീരുമാനിച്ചതില്‍ സാമുദായിക ഇടപെടലില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശനും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും അവകാശപ്പെട്ടിരുന്നത്.
കോര്‍പറേഷനിലെ 76 കൗണ്‍സിലര്‍മാരില്‍ 26 പേര്‍ ലത്തീന്‍ സമുദായത്തില്‍ നിന്നാണെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ലത്തീന്‍ സഭാ നേതൃത്വത്തിന്‍റെ താല്‍പര്യം പരിഗണിച്ചതെന്ന് വിലയിരുത്തലുണ്ട്. എന്തായാലും കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ് വി.കെ മിനിമോളുടെ പ്രസ്താവന.