anirudhan-cpm-klm

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ്  യോഗത്തില്‍ വികാരാധീനനായി വി.കെ. അനിരുദ്ധന്‍. മേയര്‍ സ്ഥാനാര്‍ഥി പൊതുസമ്മതനല്ലെന്ന് വിമര്‍ശനമുയര്‍ന്നതോടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ട്ടിയാണ് തനിക്ക് എല്ലാമെന്ന് അനിരുദ്ധന്‍. എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു നാടകീയരംഗം. 

കൊല്ലം കോര്‍പ്പറേഷനില്‍ പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച റിവ്യൂ റിപ്പോർട്ട്. ഉയർത്തിക്കാട്ടപ്പെട്ടവർ സ്വീകാര്യനുമായിരുന്നില്ല. പാര്‍ട്ടി ജയിക്കുമെന്ന് കണ്ട് നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാനിറങ്ങി. സ്ഥാനാർഥി നിര്‍ണയത്തിലെ പോരായ്മയും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 

റിപ്പോർട്ടിന്മേല്‍ ചർച്ച തുടങ്ങിയപ്പോഴാണ് വൈകാരികമായി സംസാരിച്ച ശേഷം ഇറങ്ങിപ്പോയത്. ഞാൻ തീർത്തും ജനപ്രിയനല്ലാത്ത ആളാണോ എന്നായിരുന്നു അനിരുദ്ധന്റെ ചോദ്യം. നാടകവും, സാമ്പശിവന്‍റെ  കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മില്‍ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി.കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. റിവ്യൂ റിപ്പോർട്ടിലെ പരാമർശങ്ങൾ തനിക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ ആകാന്‍ യോഗ്യനല്ലെന്ന് എം.വി ഗോവിന്ദൻ കണ്ടെത്തിയ സ്ഥിതിക്ക് സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 

പിന്നാലെയാണ് അദ്ദേഹം ഇറങ്ങിപ്പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ ബാലഗോപാൽ, പുത്തലത്തു ദിനേശൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

ENGLISH SUMMARY:

VK Anirudhan emotionally exited a CPM Kollam meeting after criticism regarding the mayoral candidate selection. The incident highlighted internal disputes within the party regarding candidate popularity and election strategies in Kollam.