കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.എം.നിയാസിന്‍റെ തോല്‍വിയില്‍ സംഘടനാപരവും വ്യക്തിപരവുമായ വീഴ്ച്ചകള്‍ സംഭവിച്ചെന്ന് രണ്ടംഗ സമിതിയുടെ കണ്ടെത്തല്‍. ഡിസിസി പ്രസിഡന്‍റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് ദിവസത്തിനകം നടപടിയുണ്ടായേക്കും.
കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ പാറോപ്പടിയിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ പി.എം. നിയാസ് മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ ജയം എന്‍ഡിഎക്ക്. വന്‍ തോല്‍വിയാണ് നിയാസിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന് പലതരത്തിലുള്ള വീഴ്ച്ചകള്‍ കാരണമായെന്നാണ് രണ്ടംഗ സമിതിയുടെ കണ്ടെത്തല്‍.
പ്രചാരണത്തിന് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ. നിസാറിന് തുടര്‍ച്ചയായ വീഴ്ച്ചകള്‍ ഉണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ മലാപ്പറമ്പ് കൗണ്‍സിലറുമായ കെ.സി. ശോഭിതയുടെ ഭര്‍ത്താവാണ് നിസാര്‍. പാറോപ്പടി മുന്‍ കൗണ്‍സിലറായ ശോഭിത പുതിയ വോട്ടുകള്‍ ചേര്‍ക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. വാര്‍ഡ് കമ്മറ്റിയും നിര്‍ജീവമായിരുന്നു. മറ്റു മുന്നണികളെല്ലാം മൂന്ന് തവണ വീട് കയറിയപ്പോള്‍ യുഡിഎഫിന് കയറാനായത് ഒരു തവണ മാത്രം. സിറ്റിങ് സീറ്റാണെന്ന അമിത ആത്മവിശ്വാസവും തിരിച്ചടിച്ചു. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ഡിസിസി പ്രസിഡന്‍റിന്‍റെ കയ്യിലാണ്. കെപിസിസിയുടെ അനുമതി ലഭിച്ചശേഷമേ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകൂ.