എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
നിങ്ങള്‍ക്ക് നന്നായി പേരിടാന്‍ അറിയാമോ? എന്നാലിതാ ബവ്കോ വിളിച്ചിരിക്കുകയാണ്! കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്കാണ് പേരിടേണ്ടത്. ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനവും ലഭിക്കും. സംഭവം വാര്‍ത്തയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ ബഹളമാണ്. എത്രപേര്‍, പേര് നിര്‍ദേശിച്ച് ബെവ്കോയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്ന് അറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പേരിടല്‍ പൊടിപൂരമാണ്! ട്രോളിയും കളിയാക്കിയും സീരിയസായുമെല്ലാം പേരിടല്‍ നടക്കുന്നുണ്ട്.
കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരും ലോഗോയും ക്ഷണിച്ച് ബവ്കോ എന്നുള്ള മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് താഴെ വന്ന ചില കമന്‍റുകള്‍ നോക്കിയാലോ? ‘മലബാര്‍ റിസര്‍വ്, കേരള ക്രൗണ്‍, ട്രാവന്‍കൂര്‍ ഗോള്‍ഡ്, മലബാര്‍ ഹെറിറ്റേജ്, കേരളീയം സെലക്ട് എന്നിങ്ങനെ ഒരു പിടിപേരുകളാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്‍റ് ചെയ്തത്. എല്ലാറ്റിനും കൂടെ ‘കെ’ ചേര്‍ക്കുന്ന രീതിയെടുത്ത് ‘കെ–സ്പിരിറ്റ്, കെ–ബ്രാന്‍ഡി’ എന്നിങ്ങനെ പേരുകള്‍ നിര്‍ദേശിക്കുന്നവരുമുണ്ട്. കുറച്ചുകൂടെ മലയാളത്തിലാക്കി ‘കെ–കുപ്പി’ എന്നായിരുന്നു ഒരു കമന്‍റ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും ശബരിമല സ്വര്‍ണക്കൊള്ള വിവാദവും കത്തിനില്‍ക്കുന്ന സമയമാണല്ലോ, അപ്പോള്‍ പിന്നെ അതിനെ ചുറ്റിപറ്റിയായി പേരുകള്‍... ‘പോറ്റീസ് ഗോള്‍ഡ് ബ്രാന്‍ഡി, പോറ്റീസ് ഗോള്‍ഡ് ഡ്രിങ്ക്’ എന്നിങ്ങനെ പരിഹാസ കമന്‍റുകളുമുണ്ട്. ഇതിനിടെ ‘രക്ഷകന്‍’ എന്നാണ് താന്‍ നിര്‍ദേശിക്കുന്നതെന്ന പോസ്റ്റുമായി മുരളി തുമ്മാരുക്കുടിയെത്തി. തുമ്മാരുകുടി പോലും സർക്കാരിനെ ട്രോളുന്ന കാഴ്ചയെന്ന് പറഞ്ഞ് ഇതേ പോസ്റ്റ് പങ്കിട്ട് വി.ടി.ബല്‍റാമും രംഗത്തെത്തി. ഇതിനിടെ എഐ ഉപയോഗിച്ച് പുതിയ ബ്രാന്‍ഡി കുപ്പിയും ലോഗോയും വരെ ഡിസൈന്‍ ചെയ്ത് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്കുള്ള പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്കായി ബവ്‌കോ ഒരുക്കുന്നത്. പേരുകള്‍ ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അനുയോജ്യമായ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയില്‍ പാരിതോഷികം നല്‍കും.