പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ച സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ (യു.ഉമേഷ്) സർവീസിൽനിന്ന് പിരിച്ചുവിട്ടു. പതിനൊന്ന് തവണ അച്ചടക്കനടപടികൾ സ്വീകരിച്ചിട്ടും ഉമേഷ് അച്ചടക്ക ലംഘനം തുടർന്നുവെന്നാണ് പിരിച്ചു വിടല്‍ ഉത്തരവിൽ പറയുന്നത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ.ആനന്ദാണ് ഉമേഷിനെ സർവീസിൽ നിന്ന് പരിച്ചുവിട്ട ഉത്തരവിറക്കിയത്. കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെൻഷനിലാണ്.
നിലവിൽ ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഉമേഷ് വള്ളിക്കുന്ന്. സർവീസിലിരിക്കെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസ് സംവിധാനത്തേയും വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ മാധ്യമങ്ങളിൽ ഉമേഷ് പങ്കുവെച്ചിട്ടുണ്ട്. പിരിച്ചുവിട്ട നടപടിക്കെതിരെ തിരുവനന്തപുരം ഡിജിപിക്ക് അപ്പീല്‍ നല്‍കുമെന്നും അനുകൂല തീരുമാനമല്ലെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു. ജോലിയില്‍ വീഴ്ചവരുത്തിയിട്ടില്ലെന്നും ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു.