എസ്.ഐ.ആര്‍ വോട്ടര്‍ പട്ടികാ പരിഷ്ക്കരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് 40 ലക്ഷത്തോളം വോട്ടര്‍മാര്‍ പട്ടികയിലുണ്ടാകുമോ എന്ന ആശങ്ക ശക്തമാകുന്നു. 19.32 ലക്ഷം പേരുടെ മാപ്പിങ് പൂര്‍ത്തിയാക്കാനായിട്ടില്ല, 24 ലക്ഷം പേര്‍ ഇനിയും കണ്ടെത്താനാകാത്തവരുടെ പട്ടികയിലുമുണ്ട്. ഇനി ഒരുമാസം കരട് പട്ടികയെ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും.
കേരളത്തിലെ എസ്.ഐ.ആര്‍ കണക്കെടുപ്പിന് ശേഷം കരട് വോട്ടര്‍ പട്ടികയിലുള്ളത് 2.54 കോടി വോട്ടര്‍മാരാണ്, ഇതില്‍ 19.32 ലക്ഷം പേരുടെ കാര്യത്തിലാണ് വോട്ടര്‍പട്ടികയില്‍ ഇടമുണ്ടാകുമോ എന്നതില്‍ ഉറപ്പില്ലാത്തത്. ഇവരുടെ പേര് 2002 ലെ പട്ടികയുമായി താരതമ്യം ചെയ്ത് പേരുറപ്പിക്കനായിട്ടില്ല. ഇതിന് പുറമെയാണ് 24,08,503 പേര്‍ ഉള്‍പ്പെട്ട ഇനിയും കണ്ടെത്താനാകാത്തവരുടെ പട്ടിക. ഇതില്‍ 6.49 ലക്ഷം പേര്‍ മരിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതൊഴിവാക്കിയാല്‍ പോലും 36.90 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ പേരുറപ്പിക്കാനാകാത്തവരുടെ പട്ടികയില്‍ അവശേഷിക്കുന്നത്. ഇവരുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഊര്‍ജിതമായി ഇടപെട്ടില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ കഴിയാതെ പോകും. വോട്ടര്‍മാരെ കണ്ടെത്താനാകാത്തതില്‍ ബിഎല്‍.ഒമാരെ കുറ്റം പറയരുതെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍പറയുന്നത്.
ബിഎല്‍ഒമാര്‍ പലയിടത്തും മൂന്നു തവണ ഭവന സന്ദര്‍ശനം നടത്തിയില്ല, 2002 പട്ടികയുമായുള്ള താരതമ്യത്തിന് സാഹായിച്ചില്ല, ഫോം ഡിജിറ്റൈസ് ചെയ്യാന്‍ തുടങ്ങിയതില്‍പിന്നെ പൂരിപ്പിച്ച ഫോമുകള്‍ വാങ്ങിയില്ല എന്നീ പരാതികള്‍ വ്യാപകമാണ്. ബി.എല്‍.ഒ മാരുടെ സഹായത്തോടെയാണ് ഇനി ഹിയറിങ് നോട്ടിസ് നല്‍കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും. ഉദ്യോഗസ്ഥര്‍ പലരും ഇനിയും ബിഎല്‍ഒ ഡ്യൂട്ടിയില്‍തുടരുന്നതില്‍ അതൃപ്തരുമാണ്. ഇതോടെ 19.32 ലക്ഷം പേരുടെ ഹിയറിങ് അടുത്ത കടമ്പയായി മാറുകയാണ്.