കസ്റ്റഡിയിലെടുത്ത യുവതിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് കണ്ടെത്തിയിട്ടും വടകര ഡിവൈഎസ്പി ഉമേഷിനെതിരെ കേസെടുക്കാതെ സർക്കാർ. ഉമേഷിനെതിരെ യുവതി മൊഴി നൽകിയിട്ടും നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടും ഉമേഷിനെ സംരക്ഷിക്കുന്നത് സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്നാണ് ആരോപണം.
കഴിഞ്ഞ നവംബർ 15 നു ജീവനൊടുക്കിയ ചെർപുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യ കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പരാമർശമുണ്ടായിരുന്നത്. അനാശാസ്യ കേസിൽ പാലക്കാട്ട് കസ്റ്റഡിയിലെടുത്ത യുവതിയെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചു, അറസ്റ്റിലായ മറ്റുള്ളവരിൽ നിന്ന് കൈക്കൂലി വാങ്ങി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെ.
പീഡിപ്പിക്കപ്പെട്ട യുവതി ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടും പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉമേഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടും ഒരു മാസമായി. ഇതുവരെ വകുപ്പിന് ഒരനക്കവും ഇല്ല. ഉമേഷിനെതിരായ ആത്മഹത്യാ കുറിപ്പിലെ പരാമർശം മനോരമന്യൂസ് പുറത്തുവിട്ടതിനു പിന്നാലെ മുഖം രക്ഷിക്കാൻ നവംബർ 30 നു സസ്‌പെന്റ് ചെയ്തതൊഴിച്ചാൽ ഉമേഷിന് വകുപ്പ് പൂർണ സംരക്ഷണമൊരുക്കി എന്ന് പറയാം.
ബലാൽസഗമടക്കമുള്ള വകുപ്പുകളിൽ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പാകത്തിൽ മൊഴിയും തെളിവും ഉണ്ട്. എന്നിട്ടും നീക്കമുണ്ടായില്ല. പൊലീസ് അസോസിയേഷൻ നേതാവായതും സിപിഎമ്മിലെ ഉന്നത നേതാക്കളുമായുള്ള ബന്ധവും മൂലം കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. അതേസമയം സിഐ ബിനു തോമസിന്റെ ആത്മഹത്യയെ ചൊല്ലിയുള്ള അന്വേഷണവും നടപടിയും കേവലം റിപ്പോർട്ടിൽ മാത്രം ഒതുങ്ങി.