Image credit: Instagram/Aswathi
യുവതിയെ അര്‍ധരാത്രിയില്‍ ഫോണില്‍ വിളിച്ച് അസഭ്യവും അശ്ലീലവും പറഞ്ഞയാളെ കയ്യോടെ പൊക്കി പൊലീസ്. അശ്വതി കമലെന്ന യുവതിയാണ് മാന്നാര്‍ പൊലീസിന്‍റെ അവസരോചിത ഇടപെടലിനെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ 11നാണ് അശ്വതിയുടെ ഫോണിലേക്ക് ജയന്‍ എന്നയാളുടെ വിളിയെത്തിയത്. രാത്രി 11മണിക്കായിരുന്നു ഫോണ്‍കോള്‍. ആദ്യം യുവതി അറ്റന്‍ഡ് ചെയ്തില്ല. എട്ടു മിനിറ്റിനുശേഷം വീണ്ടും വിളിയെത്തി. ഇത്തവണ എടുത്തു. ആരാണ്, എന്താണ് എന്ന് തിരക്കുമ്പോഴേക്കും മറുഭാഗത്തുനിന്ന് അസഭ്യവർഷമായിരുന്നു. 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന ആ കോൾ ഉണ്ടാക്കിയ ട്രോമയാണ് അശ്വതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
തൊട്ടടുത്ത ദിവസം രാവിലെ തന്നെ അശ്വതി കാക്കനാട് സൈബർ സ്റ്റേഷനിലെത്തി പരാതി നൽകി. വള്ളികുന്നം സ്വദേശിയായ ജയനാണ് ഫോണിൽ സംസാരിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പക്ഷേ വിളി അപ്പോഴും നിന്നില്ല. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അശ്വതിയുടെ ഫോണിൽ വീണ്ടും അതേ നമ്പരിൽ നിന്ന് വിളിയെത്തി. ഞായറാഴ്ച അശ്വതി വീടിനു സമീപമുള്ള മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഒന്നരമണിക്കൂറിനുള്ളിൽ കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും ജയൻ പിടിയിലായി. പ്രതിയെ ഉടനടി പിടികൂടിയ എസ്ഐ ശരത് ചന്ദ്രബോസിന് നന്ദി പറഞ്ഞു കൊണ്ടാണ് അശ്വതി വിഡിയോ അവസാനിപ്പിക്കുന്നത്.
ഇത്തരത്തിൽ ഒരു കോൾ വരികയും മോശമായ രീതിയിൽ സംസാരം ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ മടിച്ചു നിൽക്കാതെ പരാതി നൽകണമെന്ന് അശ്വതി പറയുന്നു. ലൊക്കേഷൻ കണ്ടെത്തി പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സൈബര്‍ പൊലീസിന് കഴിയുമെന്നതാണ് വാസ്തവം.
കേസിലെ പ്രതിയായ ജയന്‍ കടുത്ത മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച ശേഷമാണ് ഫോണിലൂടെയുള്ള അസഭ്യവർഷം. ഇതിനുവേണ്ടി പലയിടങ്ങളിൽ നിന്ന് പലരുടെ നമ്പർ ശേഖരിക്കും. പ്രതിക്കെതിരെ ഇതുവരെയും മറ്റു കേസുകൾ ഇല്ല. എന്നാൽ ഇയാൾ സമാനമായ കുറ്റകൃത്യം നാളുകളായി ചെയ്തു വരുന്നതാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് മാന്നാർ പൊലീസ്.