കെട്ടിടനിർമ്മാണത്തിന് മണ്ണ് മാ​റ്റാന്‍ പാസ് ലഭിക്കാനായി 50000 രൂപ ആവശ്യപ്പെട്ട മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ കുടുക്കി വിജിലൻസ്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേ​റ്റിലെ ലാബ് അ​റ്റൻഡര്‍ കാട്ടാക്കട സ്വദേശിക്രിസ്​റ്റ്യൻ ജോസിനെയാണ് വിജിലൻസ് പിടികൂടിയത്. ആ​റ്റിങ്ങൽ സ്വദേശിയാണ് പരാതിക്കാരൻ. കരാറേ​റ്റെടുത്ത സ്ഥലത്തു നിന്ന് മണ്ണ് നീക്കാൻ ട്രാൻസിറ്റ് പാസ് അനുവദിക്കാനാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.

ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള കരാർ ടിപ്പർ ലോറി ഉടമായ പരാതിക്കാരൻ ഏ​റ്റെടുത്തിരുന്നു. ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ നൽകിയിരുന്ന അപേക്ഷയിൽ പാസ് അനുവദിക്കുന്നതിന് കാല താമസമുണ്ടായി.

വേഗത്തിൽ പാസ് വേണമങ്കില്‍ ജോസ് 50000 രൂപ നൽകണമെന്നാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. 10,000 രൂപ മാത്രമേ തനിക്ക് കിട്ടൂ എന്നും 40,000 രൂപ മ​റ്റ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനാണെന്നുമാണ് ജോസ് പറഞ്ഞത്. ഒമ്പതാംതീയതി ഓഫീസിലെത്തിയപ്പോൾ 5000 രൂപ അഡ്വാൻസായി നൽകണമെന്ന് ഇയാൾ പറഞ്ഞതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ വിളിച്ച് കാര്യം പറഞ്ഞത്.

തുടർന്നാണ് വിജിലൻസ് കെണിയൊരുക്കിയതും ഉദ്യോഗസ്ഥന്‍ വലയിലായതും. കഴി​ഞ്ഞ ദിവസം പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവേയാണ് ജോസിനെ തേടി വിജിലൻസ് എത്തിയത്.

ENGLISH SUMMARY:

Malayala Manorama Online News reports on a recent Vigilance trap that apprehended a Mining and Geology department official in Kerala for demanding a bribe. The official was caught red-handed accepting an advance payment for facilitating a transit pass required for excavating soil for construction.