പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്നു വിമാനമാർഗം സ്വദേശമായ റായ്പുരിലെത്തിക്കും. ആൾക്കൂട്ടക്കൊലപാതകം, പട്ടികജാതി അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി നടപടിയെടുക്കണമെന്നും 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകണമെന്നതുമടക്കം ആവശ്യങ്ങൾ അംഗീകരിക്കുന്നതായി റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പു നൽകിയതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. 11 മണിയ്്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം, ആൾകൂട്ട ആക്രമണത്തിൽ റിമാന്‍ഡിലുള്ള 5 പ്രതികളേയും എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും. കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം നടപടി ഊർജ്ജിതമാക്കി. അട്ടപ്പള്ളത്തെത്തിയ എസ്‌ഐടി പ്രദേശവാസികളുടെ മൊഴിയെടുത്തു. പ്രതികള്‍ക്കായി തമിഴ്നാട്ടിലും അന്വേഷണം. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ള ഫോണുകള്‍ പ്രതികള്‍ നശിപ്പിച്ചെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലയിൽ പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളും ഒരാൾ സിഐടിയു പ്രവർത്തകനുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പ്രതികളെ പിടികൂടിയിലെത്തിച്ചപ്പോൾ കാണാൻ സുബൈർ വധകേസിലെ പ്രതി ജിനീഷെത്തിയെന്നും റിപ്പോർട്ട്.
ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ്, മൂന്നാം മുരളി, അഞ്ചാം പ്രതി ബിപിൻ എന്നിവർ സജീവ ഐര്‍എസ്എസ് പ്രവർത്തകർ. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവര്‍ത്തകനാണ്. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ഇങ്ങനെ. ഇതിൽ അനു, മുരളി എന്നിവർ മുമ്പ് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളാണ്. ഇവരാണ് രാം നാരായണിനെ ഏറ്റവും ക്രൂരമായി ആക്രമിച്ചതെന്ന് റിമാന്റ് റിപ്പോർട്ടിലുണ്ട്. അതിനിടെ ആൾക്കൂട്ട ആക്രമണം സംഘപരിവാറിന്റെ ആസൂത്രണമെന്ന വിമർശനത്തിനു മറുപടിയുമായി ബിജെപി നേതാക്കൾ രംഗത്തെത്തി
ആക്രമണത്തിൽ പങ്കാളികളായ കൂടുതൽ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം ഊർജിത നീക്കത്തിലാണ്. സ്ത്രീകളടക്കമുള്ള പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ പുറത്തേക്കും അന്വേഷണം നീളും.