സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാവും. പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. ഇന്ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മില്‍ ധാരണാപത്രം കൈമാറും.

പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദര്‍ തയാറാക്കിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്.

ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ലഹരിയുപയോഗത്തിന് തടയിടാന്‍  ലഹരിവിരുദ്ധനയം ‘പോഡ’. ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരിയുപയോഗം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് നയം. ജീവനക്കാരുടെ രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും. 

ENGLISH SUMMARY:

Employees in private companies across the state will lose their jobs if they are found using drugs during work hours. A new scheme titled ‘PODA’ is being launched today, with private companies cooperating in a police-led initiative. As part of the scheme, employees will be required to submit an affidavit declaring that they will not use drugs.