ലക്ഷം കടന്ന് സ്വർണവില. സ്വർണം ഒരു പവന് 1,01600. ഗ്രാമിന് 220രൂപ വർധിച്ച് 12700രൂപയും പവന് 1760രൂപയുടെയും വർധന. ഒരു പവന്റെ ആഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷത്തി പതിനായിരം രൂപ ഉപഭോക്താവ് നൽകണം. കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണം ഗ്രാമിന് 7100 രൂപയും പവന് 56800 രൂപയുമായിരുന്നു. ഇരട്ടിവിലയിലേക്ക് കുതിച്ച സ്വർണം ഇനിയും ഉയരങ്ങളിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ.
2020ൽ 40,000 രൂപ വില ഉണ്ടായിരുന്ന സ്വർണം 5 വർഷത്തിനിപ്പുറം ഒരു ലക്ഷം പിന്നിടുമ്പോൾ ആശങ്ക പങ്കുവയ്ക്കുകയാണ് ഉപഭോക്താക്കൾ. പലരും ലൈറ്റ് വെയിറ്റ് ആഭരണങ്ങളിലേക്ക് മാറിക്കഴിഞ്ഞു. വെള്ളി വിലയും വർധിച്ചു. കഴിഞ്ഞവർഷം ഇതേ ദിവസം സംസ്ഥാനത്ത് 10 ഗ്രാം വെള്ളി വില 950 രൂപയായിരുന്നത് ഇന്ന് 2200 രൂപയായി ഉയർന്നു .
അമേരിക്കയിൽ വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറയാൻ സാധ്യതയുള്ളതും, യു.എസ്.-വെനസ്വേല, റഷ്യ-യുക്രൈൻ, ചൈന-ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകളും, സിറിയയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കുന്നതും സ്വർണത്തിന് 'സുരക്ഷിത നിക്ഷേപം' എന്ന ഒരു പരിവേഷം നൽകുന്നു. ഇത് സ്വർണ്ണവില ഉയരാൻ കാരണമാകുന്നു.
യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ കറൻസി, ഓഹരി, കടപ്പത്ര വിപണികൾ എന്നിവക്ക് സ്ഥിരത ഇല്ലാതാകാൻ സാധ്യതയുണ്ട്. ഇതുകാരണം നിക്ഷേപകർ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.