• രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം കൂടി അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്
  • പുതിയ തീരുവ മൂന്ന് ദിവസത്തിനകം നിലവില്‍ വരും
  • 'ഇന്ത്യയുമായുള്ള കരാര്‍ യുഎസിന് അനുകൂലം'

പകരം തീരുവയില്‍ സുപ്രീംകോടതി വിധി തള്ളി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. നിലവിലെ താരിഫുകള്‍ക്കുമേല്‍ എല്ലാവര്‍ക്കും 10 ശതമാനം അധിക നികുതി കൂടി ചുമത്തി. സെക്ഷന്‍ 122 അനുസരിച്ചാണ് ഈ നികുതി ചുമത്തിയത്. ലോകത്തെ മറ്റ് രാജ്യങ്ങളിലെ നീതിപൂര്‍വമല്ലാത്ത വ്യാപാര രീതികളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാനായാണ് താന്‍ ഇത്തരം തീരുവകള്‍ കൊണ്ടുവന്നതെന്നും ട്രംപ് തുറന്നടിച്ചു. സുപ്രീംകോടതി വിധിയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പുതിയതായി ഏര്‍പ്പെടുത്തിയ അധികത്തീരുവ മൂന്ന് ദിവസത്തിനകം പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇന്ത്യയുമായുള്ള കരാര്‍ 18 ശതമാനം എന്നത് മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. 

ബാലന്‍സ് ഓഫ് പേയ്മെന്‍റില്‍ കുറവ് വരികയോ ദ്രുതഗതിയില്‍ ഡോളറിന്റെ മൂല്യം ഇടിയുകയോ ചെയ്യുന്നതടക്കമുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയും അടിസ്ഥാന രാജ്യാന്തര വ്യാപരത്തെ ബാധിക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്ന പക്ഷം പരമാവധി 150 ദിവസത്തേക്ക് 15 ശതമാനം വരെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാന്‍ പ്രസിഡന്‍റിന് അധികാരം നല്‍കുന്നതാണ് 1974ലെ ട്രേഡ് ആക്ടിലെ സെക്ഷന്‍ 122. 

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനാണെന്നും ഇന്ത്യയുമായി എത്തിയ വ്യാപരക്കരാറിലെ വ്യവസ്ഥകള്‍ അമേരിക്കയ്ക്ക് ഗുണം ചെയ്യുന്നതാണെന്നും ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും ട്രംപ് വ്യക്തമാക്കി. 'ഇന്ത്യയാണ് തീരുവ നല്‍കുന്നത്, അമേരിക്കയല്ല. മോദി വലിയ മനുഷ്യനാണ്. അമേരിക്കയ്ക്ക് എതിരായ വ്യവസ്ഥകളെ മോദിയും എതിര്‍ത്തു. അനുകൂല നിലപാട് മോദി സ്വീകരിച്ചതിനാലാണ് കരാറിലെത്തിയത്. നമ്മള്‍ അവര്‍ക്ക് തീരുവ നല്‍കുന്നില്ല. അവരാണ് നല്‍കുന്നത്'- ട്രംപ് വിശദീകരിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അതുകൊണ്ട് ഇന്ത്യയുമായി അമേരിക്ക വ്യാപാരം നടത്തുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്‍റെ അഭ്യര്‍ഥന പ്രകാരം ഇന്ത്യ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ട്രംപിന്‍റെ പ്രസ്താവനയിലും അധിക തീരുവയിലും ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് പ്രസിഡന്‍റിന്‍റെ അധികാര പരിധികള്‍ ലംഘിച്ചാണ് ട്രംപ് പകരം തീരുവ ഏര്‍പ്പെടുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു യുഎസ് സുപ്രീംകോടതിയുടെ വിധി. തീരുവകളിലൂടെ 175 ബില്യണ്‍ ഡോളറിലേറെ ട്രംപ് അധികം പിരിച്ചെടുത്തുവെന്നും ഇത് തിരികെ നല്‍കുന്ന കാര്യത്തിലടക്കം തീരുമാനം വരുമെന്നുമായിരുന്നു സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്‍റെ അനുമതിയില്ലാതെ ഐഇഇപിഎ നിയമം ഉപയോഗിച്ചാണ് ട്രംപ് തീരുവ ചുമത്തിയത്.  2025 ഡിസംബര്‍ 14ന് ശേഷമുള്ള തീരുവ പിരിവിന്‍റെ കണക്കുകളും പുറത്തുവന്നിട്ടില്ല.

ENGLISH SUMMARY:

In a major move, US President Donald Trump has defied the Supreme Court's ruling by imposing an additional 10% import tariff on all global goods. Invoking Section 122 of the Trade Act of 1974, Trump stated that this measure is essential to protect the US from unfair international trade practices. Despite the legal clash, Trump praised Indian PM Narendra Modi as a 'great man' and emphasized that the trade deal with India remains beneficial for the US. He claimed that India is paying the tariffs and has even stopped purchasing oil from Russia upon his request. The Supreme Court had previously labeled Trump's previous tariffs as illegal, asserting he overstepped presidential powers. This new tax is set to take effect within three days, further straining global trade relations in February 2026