File photo
പകരം തീരുവയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ട്രംപ് ഏര്‍പ്പെടുത്തിയ പകരം തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി. ട്രംപ് അധികാര പരിധി ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. രാജ്യത്തിന് അപമാനമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും, നേരിടാന്‍ മറുപദ്ധതിയുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
Also Read: യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന് 700 കിലോ മീറ്റര്‍ ദൂരത്തില്‍
ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും സുപ്രധാനമായ താരിഫ് നയത്തിനാണ് കീഴ്ക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും തിരിച്ചടി നേരിട്ടിരിക്കുന്നത്. 1977-ലെ രാജ്യാന്തര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് തീരുവ ചുമത്താനുള്ള ട്രംപിന്റെ നടപടി, അധികാരപരിധി ലംഘിച്ചതാണെന്ന കീഴ്ക്കോടതി വിധി മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്ക് സുപ്രീം കോടതി ശരിവച്ചു. തീരുവകൾ ഏകപക്ഷീയമായി ചുമത്തുന്നതിന് ട്രംപ് ഈ നിയമം ഉപയോഗിച്ചതിനെതിരെ, തീരുവ മൂലം നഷ്ടം നേരിട്ട വ്യവസായ സ്ഥാപനങ്ങളും ഡമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 യുഎസ് സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് വിധി. അധികാരമേറ്റതിന് പിന്നാലെ 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ, യുഎസിലേക്ക് ലഹരിക്കടത്ത് നടത്തുന്നത് ദേശീയ അടിയന്തരാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐ.ഇ.ഇ.പി.എ നിയമം ഉപയോഗിച്ച് താരിഫ് ഏർപ്പെടുത്തിത്തുടങ്ങിയത്. യുഎസ് ഭരണഘടനയനുസരിച്ച്, നികുതികളും തീരുവകളും ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണ്.
എന്നാൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുവ ചുമത്താൻ ട്രംപ് ഐഇഇപിഎ നിയമം ഉപയോഗിക്കുകയായിരുന്നു. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. തീരുവകളിലൂടെ 175 ബില്യൺ ഡോളറിലധികം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ തുക തിരിച്ചുനല്‍കുന്ന കാര്യത്തില്‍ കീഴ്കോടതി തീരുമാനമെടുക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡിസംബർ 14-നു ശേഷം തീരുവ പിരിവിന്റെ കണക്കുകൾ ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
നവംബറിൽ സുപ്രീം കോടതി കേസിൽ വാദം കേട്ടതിന് ശേഷം, തീരുവകൾക്കെതിരെ വിധിയുണ്ടായാൽ ബദൽ മാർഗങ്ങൾ പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തീരുവകൾ യുഎസിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അവയില്ലെങ്കിൽ രാജ്യം നശിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാദം. ട്രംപിന്റെ തീരുവകൾ പരമാവധി നിലനിർത്താൻ മറ്റ് നിയമപരമായ വഴികള്‍ കണ്ടെത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും അന്ന് പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യ–യുഎസ് കരാര്‍ അംഗീകരിക്കപ്പെട്ടതിനാല്‍ ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ 18 ശതമാനം തീരുവ റദ്ദാക്കപ്പെടില്ലെന്നാണ് സൂചന.