TAGS

കടുവാ ഭീതി ഒഴിയാതെ വയനാട് പുൽപ്പള്ളിയിലെ ജനവാസ മേഖല. ഇന്ന് പുലർച്ചെ വണ്ടിക്കടവ് ഉന്നതിയിലെ കർണാടക വനാതിർത്തിയിലും കടുവയെ കണ്ടു. നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

പുൽപ്പള്ളി - കർണാടക അതിർത്തിയോട് ചേർന്ന് ബന്ദിപ്പൂർ വനമേഖയിൽ കഴിഞ്ഞ ദിവസം കണ്ട കടുവയുടെ ചിത്രം പുറത്തുവന്നു. ഇന്നലെ മാടപ്പളളിക്കുന്ന് ഉന്നതിക്ക് സമീപം ഇറങ്ങിയ പരുക്കേറ്റ കടുവയാണ് ഇതെന്ന് സംശയമുണ്ട്. എന്നാൽ ചെത്തിമറ്റത്ത് മാരനെ ആക്രമിച്ച് കൊന്ന കടുവയുമായി ഇതിന് സാമ്യമില്ലെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. ഇതോടെ ഒന്നിലധികം കടുവകൾ കാടിറങ്ങിയെന്ന ഭീതി ബലപ്പെടുകയാണ്. അതിർത്തിയായ വണ്ടിക്കടവ് കന്നാരംപുഴയോരത്തെ ഉന്നതിക്ക് സമീപം ഇന്നും നാട്ടുകാർ കടുവയെ കണ്ടു.

മൈസുരുവിൽ നിന്ന് പിടിച്ച നരഭോജിക്കടുവയെ കർണാടക വനം വകുപ്പ് വനാതിർത്തിയിൽ തുറന്നുവിട്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിച്ച് വനപാലകർ നിരീക്ഷണം തുടരുകയാണ്. പ്രശ്നം വഷളാകുന്ന സാഹചര്യം ഉണ്ടായാൽ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ തന്നെയാണ് വനം വകുപ്പിൻ്റെ തീരുമാനം.

ENGLISH SUMMARY:

Wayanad Tiger sightings continue to create fear in Pulppally. The forest department is monitoring the situation and prepared to tranquilize the tiger if necessary, amidst local concerns about multiple tigers and claims of relocated man-eaters.