പാലക്കാട് വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും SC,ST നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കുംവരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോടു പറഞ്ഞു
Also Read: വാരിയെല്ലുകള്‍ ചവിട്ടിപ്പൊട്ടിച്ചു, മര്‍ദനമേല്‍ക്കാത്തതായി ഒരു ഭാഗം ബാക്കിയില്ല
അതേസമയം, സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് പറയുന്നു. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ സ്ത്രീകളും ക്രൂരമായി മർദിച്ചെന്നാണ് മൊഴി. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി
31 കാരൻ രാംനാരായണനെ ആൾകൂട്ടം തല്ലി കൊന്നത് കഴിഞ്ഞ ബുധൻ വൈകീട്ടാണ്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങളാണ്. 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത് 15 പേർ. അതിൽ അഞ്ചോളം സ്ത്രീകൾ. അവശനായി കിടന്നപ്പോഴും മർദ്ദനം തുടർന്നു. നിലവിൽ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്കെതിരെ ഈ ദിവസങ്ങളിൽ നടപടിയുണ്ടാകും. അതിനിടെ പ്രതികളിൽ പലരും ഒളിവിൽ പോയി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം ആൾക്കൂട്ട കൊലപാതകം സംഘപരിവാർ അജണ്ടയെന്ന് ആരോപിച്ചു ഡിവൈഎഫ്ഐ പ്രതിഷേധത്തിനു തുടക്കമിട്ടു. പിടിയിലായവർ ആര്‍എസ്എസ് പ്രവർത്തകരാണെന്നും മുമ്പ് പലകേസുകളിൽ പെട്ടവരാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു
വാളയാറിലെ ആൾക്കൂട്ടകൊലക്കേസില്‍ ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി. പ്രതികളായ 15 പേരിൽ 14 പേര്‍ ബിജെപി അനുഭാവികളെന്നും ഒരാൾ സിപിഎം അനുഭാവിയെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍. ഈ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടിച്ചത്. പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതികൾക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം കൊടുത്തെന്നും അദ്ദേഹം പറഞ്ഞു