തൃശൂർ ചാലക്കുടിയിൽ വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും. ഇന്നലെ രാത്രിയിലാണ് രണ്ട് പെൺകുട്ടികൾക്ക് ദുരനുഭവം നേരിട്ടത്. സ്റ്റേഷൻ മാസ്റ്റർക്ക് പരാതി കൊടുത്ത് വിദ്യാർഥിനികൾ
പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർക്കും, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജിനും ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് ദുരനഭവും ഉണ്ടായത്. അങ്കമാലിയിൽ നിന്ന് തൃശൂരിലേയ്ക്കുള്ള സൂപ്പർ ഫാസ്‌റ്റ് ബസിലാണ് ഇരുവരും കയറിയത്. 2 പേർക്കുമായി 64 രൂപ ടിക്കറ്റ് എടുത്തു. ഇവർക്ക് ഇറങ്ങേണ്ടത് കൊരട്ടിക്കടുത്തുള്ള പൊങ്ങത്തായിരുന്നു. അതിനായി കണ്ടക്ടറോടും ഡ്രൈവറോടും ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. സഹയാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടും ബസ്സ് നിർത്താതായതോടെ അവർ തന്നെ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്നു കുട്ടികൾ അറിയിച്ചു. ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് വിദ്യാർഥിനികളെ ഇറക്കിയത്. രാത്രിയാത്രക്കാരായ കുട്ടികളോട് മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി സ്ഥലത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളജ് അധികൃതർ എത്തി ഇരുവരെയും കൊണ്ടുപോയി.