ഒരാവേശത്തിന് എടുത്തു ചാടി പ്രഖ്യാപിച്ച് വിവാദങ്ങളില്‍ പിടിച്ചു നില്‍ക്കാനാകാതെ പിണറായി സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടി വരുന്ന തീരുമാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് പാരഡിക്കെതിരായ കേസ്. ജനാധിപത്യ സമൂഹത്തിന്റെ പരിഹാസം ഏറ്റുവാങ്ങിയ ആ പട്ടികയില്‍ മൈക്കിനെതിരായ കേസു മുതല്‍ സില്‍വര്‍ ലൈന്റെ മഞ്ഞക്കുറ്റി വരെയുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് ചൂളംവിളിച്ചതിനു സ്വമേധയാ എടുത്ത കേസാണ് മുന്‍പ് സര്‍ക്കാരിനെയും പൊലീസിനെയും നാണം കെടുത്തിയത്. പൊതുസുരക്ഷയ്ക്കു ഭീഷണിയെന്ന കുറ്റവും ചുമത്തി. അന്നും സി.പി.എം നേതാക്കളെല്ലാം കേസിനെ ന്യായീകരിച്ചിരുന്നു
മൈക്ക് ചൂളംവിളിച്ചെന്ന കേസിനെതിരെ നാട്ടുകാര്‍ കൂവിവിളിച്ചതോടെ പൊലീസ് തലയൂരി. ബോധപൂര്‍വം പ്രശ്നമുണ്ടാക്കിയതല്ലെന്ന് കോടതിയിൽ റിപ്പോർട്ടും നൽകി. ഇതേപോലെ പൊലീസിന്റെ നടപടികള്‍ പലതും വിവാദത്തിലായിട്ടുണ്ട്. മോൻസൻ മാവുങ്കൽ പ്രതിയായ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അറസ്റ്റ് ചെയ്തെങ്കിലും മോൻസനുമായി ഏറെ അടുപ്പം പുലർത്തിയ മുൻ ഡിജിപിയെ ഒഴിവാക്കിയത് വിവാദമായി. എലത്തൂർ ട്രെയിൻ തീവയ്പുകേസില്‍ പ്രതിയുമായി സഞ്ചരിച്ച പൊലീസ് സംഘത്തിന്റെ ലൊക്കേഷൻ ചോർത്തിയെന്ന് പറഞ്ഞ് ഐജി പി. വിജയനെ വിശദീകരണം ചോദിക്കാതെ സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അവരുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കേസ് ഒതുക്കാൻ ശ്രമിച്ച ചരിത്രമുണ്ട് ഇതേ പൊലീസ് സേനയ്ക്ക്. നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരെ വനിതാവാച്ച് ആന്‍റ് വാര്‍ഡിന്റെ കൈ ഒടിച്ചെന്ന് ആരോപിച്ചു കേസെടുത്തെങ്കിലും കയ്യിൽ പൊട്ടൽ ഇല്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നല്‍കിയതോടെ പിന്നോട്ടടിക്കേണ്ടി വന്നു. സര്‍ക്കാരിനും ഭരണപക്ഷത്തിനുമെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭൂതപൂര്‍വമായ തരത്തില്‍ കേസുകളെടുത്ത് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ചരിത്രവും പിണറായി സര്‍ക്കാരിന് സ്വന്തം.
ഒടുവില്‍ വലിയ രാഷ്ട്രീയനിലപാടായി ആഘോഷിച്ച സര്‍വകലാശാല വി.സി. തര്‍ക്കത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പിലെത്തി, സര്‍ക്കാര്‍ പരിപൂര്‍ണമായി പിന്നോട്ടടിച്ചു നില്‍ക്കുന്നതിനിടെയാണ് പാരഡി പാട്ടിനെതിരെ കേസെടുത്ത് നാണക്കേടായതും തലയൂരാന്‍ പാടുപെടുന്നതും.