panamaran-tiger

വയനാട് പനമരം ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടും. രാവിലെ ആര്‍.ആര്‍.ടി സംഘം തെർമൽ ഡ്രോണിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമം തുടങ്ങും. അതിന് ശേഷമാകും മയക്കുവെടി വയ്ക്കാൻ നടപടി തുടങ്ങുക. ദൗത്യത്തിനിടെ കടുവ ഇന്നലെ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക പരത്തിയിരുന്നു. അതിനാല്‍ പനമരം പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി. 

കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. മേച്ചേരിയിലെ വയൽതുരുത്തിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ ജനവാസ മേഖലയിലേക്ക് ഓടിയത് രാത്രി ആശങ്ക പരത്തിയിരുന്നു. വയൽ കടന്ന് തോട്ടത്തിലെത്തിയ കടുവ കൽപ്പറ്റ–മാനന്തവാടി ഹൈവേയോട് ചേർന്നുള്ള എരനല്ലൂരിൽ എത്തി. തെർമൽ ഡ്രോൺ വഴി രാത്രി നിരീക്ഷണം തുടർന്നെങ്കിലും കടുവ കാണാമറയത്ത് ആണ്. പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിങ് തുടരുകയാണ്. 

പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.

ENGLISH SUMMARY:

Wayanad tiger capture operation is ongoing after a tiger entered a residential area. Authorities are using thermal drones to locate the tiger and have declared a holiday for educational institutions in affected areas.