സ്വര്‍ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകനോട് ആരാഞ്ഞ് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തില്‍ കടകംപള്ളി നല്‍കിയ മാനനഷ്ടക്കേസിലെ കോടതി വാദത്തിനിടയിലാണ് കടകംപള്ളിക്ക് വേണ്ടി അഭിഭാഷകന്‍റെ അഭ്യര്‍ഥന.
അയ്യപ്പന്‍റെ സ്വര്‍ണം കട്ടവനെന്ന പരാമര്‍ശം കടുത്ത പ്രയാസമുണ്ടാക്കുന്നതിനാല്‍ ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ഥിക്കണമെന്നാണ് കടകംപള്ളിയുടെ ആവശ്യം. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം തേടി കടകംപള്ളി സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്. പരാമര്‍ശം ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവിനെ അറിയിക്കാമെന്ന് അഭിഭാഷകന്‍ കടകംപള്ളിയുടെ അഭിഭാഷകനെ അറിയിച്ചു.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. കടകംപള്ളി നല്‍കിയ മാനനഷ്ട കേസിനെതിരെ വി.ഡി.സതീശന്‍ തടസഹര്‍ജി നല്‍കിയിരുന്നു.