‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡിഗാനത്തിനെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സി.പി.എം നീക്കം ഇരട്ടത്താപ്പാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. അതിനിടെ ഗാനം വിശ്വാസികള്‍ക്കല്ല, മറ്റു പലര്‍ക്കുമാണ് വ്രണപ്പെട്ടതെന്നും ഭീഷണികോളുകള്‍ വരുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന പരാതി ഡി.ജി.പി തുടര്‍നടപടിക്കായി സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് കൈമാറിയിരുന്നു. കേസെടുത്ത് അന്വേഷിക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധനയ്ക്കിടെയാണ് പ്രതിഷേധം ശക്തമാകുന്നതും സിപിഎമ്മിനെതിരെ ഇരട്ടത്താപ്പ് ആരോപണം ഉയർന്നതും. ഇവിടെയാണ് പളളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തിന് പാരഡിയായി മുന്‍പ് കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് പാടിയ പാരഡി ഗാനവും ചര്‍ച്ചകളില്‍ നിറഞ്ഞത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരെ മുസ്‍ലിം മതമൗലികവാദികള്‍ രംഗത്തുവന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2018ല്‍ ഫെയ്സ് ബുക്കിലിട്ട കുറിപ്പും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്.
ശരണ മന്ത്രം വികലമാക്കിയതില്‍ കടുത്ത നടപടിവേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിയില്‍ ഡി.ജി.പി നടപടിക്ക് തുടക്കമിട്ടത്.