നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ശേഷം ക്ലിഫ് ഹൗസില്‍ എത്തി കണ്ടിരുന്നു.
സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും പരാതി പറഞ്ഞിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിനു കേസിൽ പങ്കില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ മാർട്ടിൻ ആന്റണി 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. Also Read: വേടനെ ബഹിഷ്കരിക്കുമോ? ദിലീപ് സിനിമ ബസില്‍ നിര്‍ത്തിച്ച ലക്ഷ്മി പറയുന്നു
കേസിൽ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടത്. കൂടിക്കാഴ്ചയില്‍ കേസിന്‍റെ വിശദാംശങ്ങളും കോടതി വിധിയും ചര്‍ച്ചയായി. സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്നും ഉടന്‍ അപ്പീല്‍പോകാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോടതി വിധിയിലുള്ള സംശയങ്ങളും അതൃപ്തിയും അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതിജീവിതയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.