ആലപ്പുഴ മാന്നാറില്‍ നിന്നും രണ്ടു ദിവസം മുന്‍പ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് നിലത്തിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പുനിലത്തില്‍ കണ്ടെത്തിയത്. വിഷ്ണു സഞ്ചരിച്ചിരുന്ന ഹെല്‍മറ്റും ബൈക്കും സമീപത്തുണ്ടായിരുന്നു.
രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാം എന്നാണു പ്രാഥമിക നിഗമനം. ബുധനൂരിലെ ജനപ്രതിനിധിയാണു യുവാവിന്റെ രക്ഷകനായെത്തിയത്. പൂക്കൈതച്ചിറ ഭാഗത്തെ റോഡിൽ നിന്നും 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തിലാണ് ഇയാളെ അവശനിലയിൽ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു ഞായറാഴ്ച വൈകിട്ട് ബുധനൂരിലെ വീട്ടിൽ നിന്ന് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയി രാത്രി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മകനെ കാണാനില്ലെന്നു കാട്ടി പിതാവ് രമണൻ നായർ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.