vd-satheeshan-01

TOPICS COVERED

ഐഎഫ്എഫ്കെയില്‍ പാലസ്തീന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാര്‍ അജന്‍ഡക്ക് ചേരുന്നതല്ലെന്ന കാരണത്താലാണ് പാലസ്തീന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തത് എന്ന് വിഡി സതീശന്‍ പറഞ്ഞു. ഇന്ത്യയുടെ വിദേശ, സാംസ്കാരിക നയങ്ങളില്‍ വന്ന മാറ്റത്തെ പറ്റി പറയുന്ന വിശദമായ കുറിപ്പാണ് പ്രതിപക്ഷ നേതാവ് പങ്കുവച്ചത്. 

'സിനിമകളുടെ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെടുമ്പോള്‍ വിദേശ്യകാര്യം മുതല്‍ സെന്‍സര്‍ഷിപ്പ് വരെയുള്ള പല കാരണം നിരത്താം. സംഘപരിവാര്‍ അജന്‍ഡയ്ക്ക് ചേരുന്നതല്ലെന്ന കാരണത്താലാണ് പാലസ്തീന്‍ സിനിമള്‍ പ്രദര്‍ശിപ്പിക്കാത്തത്.  അദൃശ്യനായ ബിഗ് സംഘി ബ്രദര്‍ എല്ലാം നോക്കി വിലയിരുത്തും. ബോധിച്ചാല്‍ നമുക്ക് കാണാം. അല്ലെങ്കില്‍ സര്‍വ്വതും പടിക്ക് പുറത്ത്', എന്നാണ് പ്രതിപക്ഷ നേതാവ് എഴുതിയത്. 

മുംബൈ രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (മിഫ്) എന്നും നിറഞ്ഞു നിന്നത് സര്‍ക്കാരിനെയും വ്യവസ്ഥിതിയെയും നേരിട്ടാക്രമിക്കുന്ന ഡോക്യുമെന്ററികളാണ്. വിവിധ സംസ്‌ക്കാരങ്ങളെ ഒരേ ബഹുമാനത്തോടെ  കാണുന്ന കോണ്‍ഗ്രസിന്റെ ദര്‍ശനം രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയെ വലിയ തോതില്‍ ഉജ്ജീവിപ്പിച്ചു. എന്നാല്‍ മഹാത്മാഗാന്ധിയെയും നെഹ്രുവിനെയും തമസ്‌ക്കരിക്കുന്നവര്‍ക്ക് എന്തു പലസ്തീന്‍ എന്നും സതീശന്‍ ചോദിച്ചു. എന്തിനും ഏതിനും കോണ്‍ഗ്രസിനെ ചെളിവാരി എറിയുന്ന ഇടതുപക്ഷം കൂടി ഇതൊക്കെ ഒന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും സതീശന്‍ പറഞ്ഞു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിദേശ രാജ്യങ്ങളുടെ തലവന്‍മാരുടെ ഇന്ത്യാ സന്ദര്‍ശന വേളകളിലെല്ലാം ആ രാജ്യത്തെ സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. റഷ്യന്‍, ഫ്രഞ്ച് തുടങ്ങി പല രാജ്യങ്ങളിലെ ആര്‍ട്ട്, ക്ലാസിക്, സമാന്തര സിനിമകള്‍ ടി.വിയില്‍ വന്ന ഒരു കാലം! കലാപരമായും വിഷയത്തിന്റെ തീവ്രത കൊണ്ടും ശ്രദ്ധിക്കപ്പെട്ട ദേശീയ -അന്തര്‍ദേശീയ ചലച്ചിത്രങ്ങള്‍ നാഷണല്‍ ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശന്‍ പതിവായി സംപ്രേഷണം ചെയ്യുന്ന രീതി പിറകേ വന്നു. ഒരു തലമുറയുടെയാകെ വീക്ഷണത്തെയും കാഴ്ചയെയും രൂപപ്പെടുത്തിയ ചുവട്‌വയ്പ്പായിരുന്നു അത്. കൂടാതെ നാടെങ്ങും ഉടലെടുത്ത ഫിലിം സൊസൈറ്റികള്‍ വഹിച്ച പങ്കും നിസ്തുലമാണ്. 

ചിത്രലേഖ, ചലച്ചിത്ര, ഒഡേസ മുതല്‍ സൂര്യ വരെ വലുതും ചെറുതുമായ സിനിമാ സൊസൈറ്റികള്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ സിനിമാ സംസ്‌കാരത്തെ മാറ്റി മറിച്ചു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, നമ്മുടെ IFFK തുടങ്ങി നാടെങ്ങും സ്‌ക്രീനിങ്ങും ചര്‍ച്ചയും ഫിലിം ക്‌ളബുകളും എല്ലാം ചേര്‍ന്ന് ലോക സിനിമയെ കേരളത്തിന്റെയും രാജ്യത്തിന്റെയും മുക്കിലും മൂലയിലും എത്തിച്ചു. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കബനീ നദി ചുവന്നപ്പോള്‍ കണ്ടവരും 'ബാറ്റില്‍ഷിപ്പ് പൊട്ടംകിനും' 'അവര്‍ ഒഫ് ദി ഫര്‍ണസും' കോളജ് ആര്‍ട്ട്‌സ് ക്‌ളബുകളുടെ പ്രദര്‍ശനത്തില്‍ കണ്ടവരുമൊക്കെ നമ്മളും നമ്മുടെ കൂട്ടുകാരും തന്നെയാണ്. സത്യജിത് റായ് സിനിമകള്‍ മുതല്‍ 'പാര്‍,' 'മണ്ഡി,' 'തണ്ണീര്‍ തണ്ണിര്‍,' 'പശി' ഇങ്ങനെ  എണ്ണിയാലൊടുങ്ങാത്ത സിനിമകള്‍ പൊള്ളിച്ച മനസുകള്‍ നാടിന്റെ പൊള്ളലുകളെ തിരിച്ചറിയാന്‍ പറ്റുന്നവയായി രൂപപ്പെട്ടു. 'സെവന്‍ സമുറായ്,' 'ഐവാന്റെ കുട്ടിക്കാലം,' 'കളര്‍ ഒഫ് ദി പൊമൊഗ്രനേറ്റ്‌സ്,' 'ഡെക്കലോഗ്,'  തുടങ്ങി 'ഹോളി വീക്കും' 'ചില്‍ഡ്രന്‍ ഒഫ് എ ലെസ്സര്‍ ഗോഡും' 'റണ്‍ ലോല റണ്ണും' വരെ എത്രയെത്ര മഹത്തരമായ സൃഷ്ടികള്‍ നമുക്ക് കാണാനായി! 

സര്‍ക്കാര്‍ സിനിമാ ഫെസ്റ്റിവലുകള്‍ വലിയ സാംസ്‌ക്കാരിക വിനിമയ വേദികളായി പരിണമിച്ച കാലം കൂടിയാണത്. യൂറോപ്യന്‍ - അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ക്കും മുകളില്‍ ഏഷ്യന്‍ - ആഫ്രിക്കന്‍ - ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ക്ക് IFFK യില്‍ പ്രാധാന്യം ലഭിച്ചു. അത് ഈ ചലച്ചിത്ര മേളക്ക്  വേറിട്ടൊരു സ്വഭാവം നല്‍കി. വ്യത്യസ്തമയ ഫ്‌ളാറ്റ്‌ഫോമുകളിലൂടെ അനന്യമായ കലാസൃഷ്ടികളാണ് കാണികള്‍ക്ക് മുന്നിലെത്തിയത്. മര്‍ക്വേസിന്റെ കഥകളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ചെറു സിനിമാ സീരിസ് (Dangerous Loves) ഒക്കെ മറക്കാനാകുമോ! അള്‍ജീരിയയും ഇറാനും പറഞ്ഞ കഥകള്‍, ദൃശ്യാനുഭവങ്ങള്‍ എത്ര ഗംഭീരമാണ്.  

മുംബൈ രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (മിഫ്) എന്നും നിറഞ്ഞു നിന്നത് സര്‍ക്കാരിനെയും വ്യവസ്ഥിതിയെയും നേരിട്ടാക്രമിക്കുന്ന ഡോക്യുമെന്ററികളാണ്. പരിസ്ഥിതി മുതല്‍ മനുഷ്യാവകാശം വരെ അനേകം വിഷയങ്ങള്‍ പല ദര്‍ശനകോണുകളില്‍ നിന്ന് കാഴ്ചക്കാരന്റെ മുന്നിലെത്തിയിരുന്നു. ഇതിന് ഒപ്പം തന്നെ കാണേണ്ടതാണ് ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യ എന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഉത്സവങ്ങളും രാജ്യത്ത് സംഘടിപ്പിച്ച അപ്നാ ഉത്സവും. ഇന്ത്യയുടെ ബഹുസ്വരത ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. ഒന്നിനെയും മനപ്പൂര്‍വ്വം തമസ്‌ക്കരിച്ചില്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി. വിവിധ സംസ്‌ക്കാരങ്ങളെ ഒരേ ബഹുമാനത്തോടെ  കാണുന്ന കോണ്‍ഗ്രസിന്റെ ദര്‍ശനം രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയെ വലിയ തോതില്‍ ഉജ്ജീവിപ്പിച്ചു എന്ന് നിസ്സംശയം പറയാം.

സിനിമകളുടെ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന് പല സാങ്കേതിക കാരണങ്ങളും - വിദേശ്യകാര്യം മുതല്‍ സെന്‍സര്‍ഷിപ്പ് - നിയമ വ്യവസ്ഥകള്‍ തുടങ്ങി, സാംസ്‌കാരിക രാഷ്ട്രീയ നയങ്ങള്‍ വരെ - നിരത്താം. പക്ഷെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക്  പിന്നില്‍  ഒന്നേയുള്ളൂ കാര്യം. സംഘപരിവാര്‍ അജന്‍ഡക്ക് ചേരുന്നതല്ലെങ്കില്‍ 100 വര്‍ഷങ്ങളുടെ  നിറവില്‍ എത്തിയ 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍' പോലും പുറത്തു നില്‍ക്കും. കേരളാ സ്റ്റോറി സിംഹാസനത്തില്‍ അവരോധിക്കപ്പെടും. സംഗീതമോ സിനിമയോ ചിത്രം വരയോ കവിതയോ എന്തുമാകട്ടെ അദൃശ്യനായ ബിഗ് സംഘി ബ്രദര്‍ എല്ലാം നോക്കി വിലയിരുത്തും. ബോധിച്ചാല്‍ നമുക്ക് കാണാം. അല്ലെങ്കില്‍ സര്‍വ്വതും പടിക്ക് പുറത്ത്.

റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുമ്പോഴും ബോറിസ് പാസ്റ്റര്‍നാക്കിന് വേണ്ടി നിലപാടെടുത്ത ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു എന്നു കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ആ പ്രധാനമന്ത്രിക്കും അതിനു ശേഷം വന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്കും സര്‍ക്കാരുകള്‍ക്കും വ്യക്തമായ സാംസ്‌കാരിക നയം ഉണ്ടായിരുന്നു. അതിനൊപ്പം മഹത്തരമായ വിദേശ നയവും. പലസ്തീനും അവിടെ ജീവിക്കുന്ന മനുഷ്യരും അവരുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും ആ രാജ്യത്തെ നയിക്കാനായി നിയോഗിക്കപ്പെട്ട യാസര്‍ അറാഫത്തും എന്നും ഇന്ത്യക്ക് ഏറെ പ്രിയങ്കരരായിരുന്നു. നമ്മുടെ  രാഷ്ട്രപിതാവായ മഹാത്മാവിനെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രുവിനെയും തമസ്‌ക്കരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തു ചരിത്ര ബോധം? എന്തു പലസ്തീന്‍? എന്തു സാംസ്‌കാരിക വിനിമയം? എന്തു ജനാധിപത്യ ബോധം? എന്തിനും ഏതിനും കോണ്‍ഗ്രസിനെ ചെളിവാരി എറിയുന്ന, സത്യങ്ങള്‍ മറച്ച് അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന, സംഭവങ്ങളെ വക്രീകരിക്കുന്ന ഇടതുപക്ഷം കൂടി ഇതൊക്കെ ഒന്ന് ഓര്‍ത്താല്‍ നന്ന്.

ENGLISH SUMMARY:

Leader of Opposition V.D. Satheesan strongly criticized the Central Government's decision to block the screening of Palestine films at IFFK, alleging that the censorship was due to the films not aligning with the 'Sangh Parivar agenda.' In a detailed note, Satheesan remarked that the 'Invisible Big Sanghi Brother' evaluates all art, and only what they approve will be shown, while everything else, including historic films like 'Battleship Potemkin,' is kept out. He contrasted the current policy with the Congress-led past where Doordarshan regularly screened diverse international cinema and films attacking the system were common at events like MIFF. Satheesan questioned the ruling party's commitment to Palestine given their alleged marginalization of Gandhi and Nehru, and urged the Left to also consider these changes in India's foreign and cultural policies.