ക്രിമിനല്‍ കേസ് കുറ്റവാളികള്‍ക്ക് അനധികൃത പരോള്‍ അനുവദിച്ചതില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വേണമെങ്കില്‍ സബ്മിഷനാക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും സര്‍ക്കാരിന് സൗകര്യമില്ലാത്തവ ചര്‍ച്ചചെയ്യേണ്ടെയന്നും വി.ഡി.സതീശന്‍ ചോദിച്ചു. സര്‍ക്കാരിന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കുടപിടിക്കുന്നെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പീക്കറുടെ മുന്നില്‍ ‘ഇന്നെന്താ ചര്‍ച്ചയില്ലേ’ ബാനര്‍ ഉയര്‍ത്തി അംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്നായിരുന്നു വാക്കൗട്ട്. മടിയില്‍ കനമുള്ളതുകൊണ്ടാണ് സ്വര്‍ണക്കൊള്ള ചര്‍ച്ചചെയ്യാതെ പ്രതിപക്ഷം ഓടിയതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ സി.പി.എം ബന്ധമുള്ള പ്രതികൾക്ക് അനധികൃതമായി പരോൾ നൽകിയിരുന്നു. കൊലക്കേസ് പ്രതികൾക്ക് പരോൾ നൽകാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ക്രമസമാധാന തകർച്ചയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുമെന്ന് കാണിച്ച് കെ.കെ. രമയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.