മുഖ്യമന്ത്രിയുടെ കയ്യൊപ്പ് ഈ കുട്ടിക്കൂട്ടം കഴുകി കളയില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് ചക്കിട്ടപ്പാറ ചെമ്പനോടയില്‍ നിന്നുള്ള കുട്ടിക്കൂട്ടം മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയത്. കുട്ടികളെ ചേര്‍ത്ത് പിടിച്ച് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തി. ഓട്ടോഗ്രാഫ് വാങ്ങാനാണ് കുട്ടികള്‍ എത്തിയതെങ്കിലും തിരക്കിനിടെ ബുക്കും പേനയും വാങ്ങാന്‍ സാധിച്ചില്ല. പിന്നീട് മുഖ്യമന്ത്രി തന്നെ എല്ലാവരുടെയും കുപ്പായത്തിന് പിറകില്‍ വി.ഡി.എസ്. എന്നെഴുതി ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ കയ്യൊപ്പ് പതിഞ്ഞ കുപ്പായം അലക്കാതെ സൂക്ഷിക്കാനാണ് കുട്ടികളുടെ തീരുമാനം.
മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി വി.ഡി സതീശനെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടാണ് അദേഹത്തെ നേരിട്ട് കാണണമെന്ന് കുട്ടികള്‍ ആഗ്രഹം പറഞ്ഞത്. സത്യപ്രതിജ്ഞക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിലെ എട്ട് കുട്ടികള്‍ തിരുവനന്തപുരത്ത് എത്തി. സെക്രട്ടറിയേറ്റില്‍ സുരക്ഷാ ജീവനക്കാരോട് വിവരം പറഞ്ഞപ്പോള്‍ പ്രവേശനം അനുവദിച്ചു. സന്ദര്‍ശകരുടെ തിരക്ക് ഉണ്ടായിരുന്നിട്ടും അധികം വൈകാതെ കുട്ടികളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. വിദ്യാര്‍ഥികളും മാതാപിതാക്കളുമായി 15 മിനിറ്റോളം സമയം വി.ഡി. സതീശന്‍ ചിലവഴിച്ചു.
കുട്ടികളെ ചേര്‍ത്തു പിടിച്ച് കുശലാന്വേഷണം നടത്തുന്ന ദൃശ്യങ്ങള്‍ വി.ഡി. സതീശനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പഠിച്ചു നല്ല മക്കളായി വളരണമെന്ന ഉപദേശം നല്‍കിയാണ് മുഖ്യമന്ത്രി യാത്രയാക്കിയത്. ചെമ്പനോട കുറത്തിപ്പാറ സ്വദേശികളായ ഫസീം മിറാഷ്, ഫാത്തിമ മുഹമ്മദ്, ആമിന മൊഹക്, മെഹ്ബിഷ് മറിയം, ആദം ഫെയ്ദ്, മുഹമ്മദ് മെഹജാന്‍, കുറ്റ്യാട് സ്വദേശി ആദം സുല്‍നാസ്, ആല്‍ഫ സുല്‍നാസ് എന്നിവരാണ് രക്ഷിതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി സന്ദര്‍ശിച്ചത്.