actress-pinarayi

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. ക്ളിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കേസിന്‍റെ വിശദാംശങ്ങളും കോടതി വിധിയും ചര്‍ച്ചയായി. സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്നും ഉടന്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കോടതി വിധിയിലുള്ള സംശയങ്ങളും അതൃപ്തിയും അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതിജീവിതയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവു വിധിച്ച കോടതി എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയിരുന്നു. കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസിന്റെ വിധിയിലെ അതൃപ്തി ചൂണ്ടിക്കാട്ടി അതിജീവിത സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.

ENGLISH SUMMARY:

Malayalam actress attack case survivor met with the Chief Minister of Kerala to discuss the details of the case and the court verdict. The Chief Minister assured her of the government's support and instructed the prosecution to file an appeal immediately.