Kochi 2017 February 19:
കേരളം ഒന്നടങ്കം നടുങ്ങിയ വാര്‍ത്തയായിരുന്നു 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ നഗരമധ്യത്തില്‍ നടി ആക്രമിക്കപ്പെട്ടത്. മലയാള സിനിമാലോകവും ഉലഞ്ഞു. വൈകാതെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന പ്രതിഷേധ യോഗമാണ് പിന്നീടങ്ങോട്ടുള്ള അന്വേഷണത്തിന്‍റെ ഗതി നിര്‍ണയിച്ചത്. യോഗത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. പിന്നാലെ ദിലീപും നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി. വാര്‍ത്ത വളരെ ഷോക്കിങ് ആയിരുന്നുവെന്നും തനിക്കൊപ്പം ഏറ്റവുമധികം സിനിമ ചെയ്തവരിലൊരാളാണ് കുട്ടിയെന്നും ദിലീപ് പറഞ്ഞു. സിനിമയില്‍ ഇങ്ങനെ സംഭവിച്ചുവെന്നതിനപ്പുറം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സംഭവിച്ചുവെന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നുവെന്നും ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ കൂട്ടായി നില്‍ക്കാമെന്നും അതിനൊപ്പം താനും ഉണ്ടാകുമെന്നും ദിലീപ് വ്യക്തമാക്കി. സത്യസന്ധമായ രീതിയിലാണ് പൊലീസ് അന്വേഷണമെന്നും സംഭവത്തിന് പിന്നിലുള്ളരുടെ പുറകേ തന്നെ പൊലീസുണ്ടെന്നും ദിലീപ് അന്ന് പറഞ്ഞു.
ദിലീപിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ; 'പ്രിയമുള്ളവരെ, ഇന്നലെ രാവിലെ ആന്‍റോ വിളിച്ച ്പറയുമ്പോഴാണ് വളരെ ഷോക്കിങായുള്ള ഈ വാര്‍ത്ത അറിയുകയും ഞാനപ്പോ തന്നെ ലാലേട്ടനും... അതുപോലെ രമ്യയുടെ വീട്ടിലാണ്... എന്‍റെ കൂടെ ഏറ്റവുമധികം സിനിമ ചെയ്തിട്ടുള്ള ഒരു കുട്ടി കൂടിയാണ്. ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ഉടനെ നമ്മുടെ വീടിനകത്തേക്ക് തന്നെയാണ് നോക്കിപ്പോകുന്നത്. വളരെ ഭയക്കുന്ന... ഇത് സിനിമയില്‍ സംഭവിച്ചു എന്നതിനെക്കാളപ്പുറം നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ നമ്മെ വിഷമിപ്പിക്കുന്ന ഒന്ന്.
അതിനുവേണ്ടി വിശേഷങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സത്യസന്ധമായ രീതിയില്‍ തന്നെയാണ് പൊലീസ് അതിന്‍റെ അന്വേഷണമെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി അതിന് പിന്നിലുള്ള ആളുകളുടെ പുറകെതന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യേകിച്ച് പറയാനുള്ളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചുവെന്ന് പറയുമ്പോള്‍ അതിന് ഇത്രയും കൂട്ടായ്മയുണ്ടായി. പക്ഷേ നമ്മുടെ ഒരു സാധാരക്കാരന്‍റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത് അതിനെ, അതിന്‍റെ.. ഇനി ഈ നാട്ടിലിത് സംഭവിക്കാതിരിക്കാന്‍ നമുക്ക് കൂട്ടായിട്ട് ഒന്നിച്ച് നില്‍ക്കാം. അതിന്‍റെ ഭാഗത്ത് ഞാനും ഉണ്ടാകും എന്നുറപ്പിച്ച് പറയുന്നു.
എന്‍റെ കൂടെയുള്ളവരുടെ .. മമ്മൂക്ക വിളിച്ചപ്പോള്‍ തന്നെ എല്ലാവരും ഇവിടെ ഓടിവരികയുണ്ടായി. അത് മലയാള സിനിമ കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ചുവെന്നതിനപ്പുറം കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ തന്നെയാണ്. എല്ലാറ്റിനും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന വിശ്വാസത്തോടെ വന്നിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ട് നന്ദി'.
സിനിമ തോറ്റുപോകുന്ന ട്വിസ്റ്റുകളാണ് പിന്നീടിങ്ങോട്ട് കേരളം കണ്ടത്. ദിലീപിന്‍റെ പേരുകള്‍ പലഭാഗത്ത് നിന്നും ഉയര്‍ന്നുകേട്ടു. പക്ഷേ അഭ്യൂഹങ്ങള്‍ക്കപ്പുറം മതിയായ തെളിവുകളൊന്നും ആ ഘട്ടത്തില്‍ പൊലീസിന് ലഭിച്ചില്ല. പക്ഷേ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് വെളിപ്പെടുത്തി പ്രതി പള്‍സര്‍ സുനി സഹതടവുകാരെക്കൊണ്ട് കത്തെഴുതിച്ചു. പിന്നാലെ ജയിലില്‍ നിന്നും ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന് ഫോണ്‍ ചെയ്തു. കുരുക്ക് വീഴുമെന്ന് ഉറപ്പിച്ച ദിലീപ് ഡിജിപിക്ക് മുന്നില്‍ പരാതിയുമായി എത്തി.
രണ്ട് മാസം കഴിഞ്ഞപ്പോള്‍ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. അഞ്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ രംഗം മാറി. സുനിയെ അറിയില്ലെന്ന ദിലീപിന്‍റെ വാദം പൊളിച്ച് ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ദിലീപിന്‍റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്ക് സുനില്‍ വിളിച്ചതും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്‍റെ ഫോണ്‍ വാങ്ങി പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതും നിര്‍ണായക തെളിവായി. ഒടുവില്‍ 2017 ജൂലൈ പത്തിന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.