പൊലീസ് സ്റ്റേഷനിൽ വച്ച് ഭർത്താവ് കഴുത്തറുക്കാൻ ശ്രമിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്ന് യുവതി മനോരമ ന്യൂസിനോട്. ഇന്നലെ രാവിലെയാണ് കടയ്ക്കാവൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ മുറിയിൽ വച്ച് പെരുങ്കുഴി സ്വദേശി അഞ്ജുവിനെ ഭർത്താവ് മുഹമ്മദ് ഖാൻ കഴുത്തറുക്കാൻ ശ്രമിച്ചത്. അറസ്റ്റിലായ പെരുങ്കുളം സ്വദേശിയായ മുഹമ്മദ് ഖാനെ കോടതി റിമാൻഡ് ചെയ്തു.
കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പെരുങ്കുഴി സ്വദേശികളായ ദമ്പതികൾ മുഹമ്മദ് ഖാനും അഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കുമ്പോഴായിരുന്നു ആക്രമണം. ഭർത്താവിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം വിവരിക്കുമ്പോൾ അഞ്ജുവിന്റെ നടുക്കം മാറിയിട്ടില്ല.
അഞ്ജുവും മുഹമ്മദ് ഖാനും പ്രണയിച്ച് ഒരുവർഷം മുൻപാണ് വിവാഹിതരായത്. ഒരാഴ്ച മുൻപ് ഇവർക്ക് ഒരു കുഞ്ഞും ജനിച്ചു. കുടുംബപ്രശ്നങ്ങൾക്കിടെ അഞ്ജുവിനെയും അമ്മയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് അഞ്ജുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഖാനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്.